25 September Tuesday

നിയന്ത്രണംവിട്ട വള്ളം കടൽഭിത്തിയിലിടിച്ചു:4 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

പൊക്കാഞ്ചേരി ബീച്ചിൽ കടൽ ഭിത്തിയിലിടിച്ച്‌ തകർന്ന വള്ളം

 
വാടാനപ്പള്ളി
പൊക്കാഞ്ചേരി ബീച്ചിൽ മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായ വള്ളം തിരമാലയിൽപ്പെട്ട് കരയിലെ കടൽഭിത്തിയിലിടിച്ച് തകർന്നു. സഹോദരങ്ങളടക്കം നാല് മത്സ്യത്തൊഴിലാളികൾക്ക‌് പരിക്കേറ്റു. നാട്ടിക ബീച്ച് സ്വദേശികളായ പുലാക്കൽ സുഖേഷ് (40), സഹോദരങ്ങളായ സുജിത്ത്, മോഹൻദാസ്, വലപ്പാട് ബീച്ച് സ്വദേശി കുഞ്ഞിമാക്കാൻ പറമ്പിൽ സുശീലൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈവിരൽ ഒടിഞ്ഞു. 
നാട്ടിക ബീച്ച് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രോഹിണി എന്ന വള്ളമാണ് വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടൽ ഭിത്തിയിലിടിച്ച് പൂർണമായി തകർന്നത്. ഞായറാഴ്ച പുലർച്ചെ ആറോടെയാണ‌് സംഭവം. എൻജിൻ തകരാറിലായതിനെത്തുടർന്ന് ദിശതെറ്റിയ വള്ളം തിരമാലയിൽ അകപ്പെടുകയായിരുന്നു.  കടലാക്രമണവും രൂക്ഷമായിരുന്ന ഈ സമയത്ത് വള്ളത്തിലുണ്ടായിരുന്ന നാലുപേരും കടലിലേക്ക് ചാടാതെ വള്ളത്തിൽതന്നെ പിടിച്ചിരുന്നു. 
തിരയിൽ അകപ്പെട്ട വള്ളം കരയിലെ കടൽഭിത്തിയിലേക്ക് അടിച്ചു കയറുകയായിരുന്നു. വള്ളം നിന്നശേഷം തകർന്നു. വള്ളത്തിലുണ്ടായിരുന്ന വലയും മത്സ്യവും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
Top