17 November Saturday

കുടിവെള്ളം പരിശോധിക്കാൻ ‘മോഡൽ’ ബ്ലൂ ആർമി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
തൃശൂർ
മോഡൽ ഗേൾസ് വിഎച്ച്എസ്എസിലെ വിദ്യാർഥിനികൾ  കുടിവെള്ളം പരിശോധിക്കുകയാണ്. ജലസാമ്പിളുകളുടെ പരിശോധനാഫലം കണ്ടപ്പോൾ  കുട്ടികൾ ഞെട്ടി.  കുടിവെള്ളത്തിൽ ഇരുമ്പംശവും ക്ലോറിൻ അംശവും ഏറെ. ജലരക്ഷ, ജീവരക്ഷയെന്ന്  ഇവർ തിരിച്ചറിഞ്ഞു. ജലസാക്ഷരത വിദ്യാർഥികളിൽ ഊട്ടിയുറപ്പിക്കാനായി ജില്ലയിൽ രൂപീകരിച്ച ബ്ലൂ ആർമി ചുവടുവയ്ക്കുകയാണ്.
ജില്ലാ പദ്ധതിപ്രകാരം നടപ്പാക്കുന്ന ജലരക്ഷ, ജീവരക്ഷ   പദ്ധതിയിൽ വിദ്യാർഥികളെ കണ്ണികളാക്കുന്നതിനാണ് ബ്ലൂ ആർമി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി തൃശൂർ ഈസ്റ്റ് സബ്ജില്ലയിൽ 53 സ്കൂളുകളിൽ ജലക്ലബ്ബുകൾ രൂപീകരിച്ചു.  ഈ ക്ലബ്ബുകൾ ബ്ലൂ ആർമി യൂണിറ്റാക്കിമാറ്റി. തുടർന്ന് സ്കൂളിന് സമീപത്തെ ഇരുപതോളം കിണറുകളിൽനിന്ന് കുട്ടികൾ ജലം ശേഖരിച്ചു. ഈ ജലമാണ് പരിശോധനക്ക് വിധേയമാക്കിയത്. 
തൃശൂർ മോഡൽ ഗേൾസ് വിഎച്ച്എസ്എസിലെ ലാബ്ടെക്നീഷ്യൻ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്കും എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾക്കും ശുചിത്വമിഷന്റെ സഹായത്തോടെ ജലം പരിശോധിച്ച് ഫലം കണ്ടെത്തുന്നതിൽ പരിശീലനം നൽകി. വെള്ളത്തിന്റെ കട്ടി, കാത്സ്യം, ഫ്ലൂറൈഡ്, ക്ലോറൈഡ്, അമ്ലക്ഷാരഗുണങ്ങൾ, ഫോസ്ഫേറ്റ്, ഇരുമ്പംശം എന്നിവ പരിശോധിച്ച് ഫലം കണ്ടെത്തുന്നതാണ് പരിശീലിപ്പിച്ചത്. 
സ്കൂളുകളിൽനിന്ന് കുപ്പികളിലാക്കി കൊണ്ടുവന്ന വെള്ളം കുട്ടികൾ ഇരുപതോളം ബാച്ചുകളായി തിരിഞ്ഞ് പരിശോധിച്ചു. ഇതിന്റെ ഫലത്തിൽതന്നെ കുടിവെള്ള യോഗ്യമല്ലാത്ത നിരവധി സാമ്പിളുകൾ കണ്ടെത്തിയതായി  വിദ്യാർഥിനികൾ പറഞ്ഞു.
ഈ റിപ്പോർട്ട് അധികൃതർക്ക് കൈമാറുമെന്ന് തൃശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ജയശ്രീ പറഞ്ഞു. ജലസംരക്ഷണത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കുകയെന്നതാണ് ലക്ഷ്യമെന്നും അവർ  പറഞ്ഞു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെയാണ് ഈ പ്രവർത്തനം ഏറ്റെടുത്തതെന്ന് മോഡൽ ഗേൾസ് വിഎച്ച്എസ്എസിലെ പ്രിൻസിപ്പൽ വി എം നിഷ പറഞ്ഞു. 
ജില്ലയിലെ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളിലെയും  ഒന്നാംക്ലാസ് മുതൽ 12﹣ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും കോളേജുകളിലും  ബ്ലൂ ആർമി രൂപീകരിക്കുന്നുണ്ട്. മഴ, പുഴ, വനം, പരിസ്ഥിതി, ജൈവകൃഷി, ശുചിത്വം, മഴവെള്ളക്കൊയ്ത്ത്,  തുടങ്ങീ വിഷയങ്ങളിൽ  കലാ അവതരണങ്ങളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.  
മഴക്കുഴികളുടെ നിർമാണം, സ്കൂൾ മഴവെള്ള സംഭരണികൾ, എന്നിവയും ബ്ലൂആർമിയും ജനങ്ങളും സഹകരിച്ച് ഏറ്റെടുക്കുമെന്ന് ജലരക്ഷാ ജീവരക്ഷാ പദ്ധതി ജില്ലാ നോഡൽ ഓഫീസർ പി ഡി സിന്ധു പറഞ്ഞു.
പ്രധാന വാർത്തകൾ
Top