Top
20
Friday, October 2017
About UsE-Paper
# കുതിരാനില്‍ കൂട്ട അപകടം

കണ്ടെയ്നറിനുള്ളില്‍ കുടുങ്ങിയ 2 ബൈക്ക് യാത്രികരെ നാട്ടുകാര്‍ രക്ഷിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

 

പട്ടിക്കാട് > ദേശീയപാതയില്‍ കുതിരാന്‍ കയറ്റത്തില്‍ തെറ്റായദിശയിലൂടെ കയറിവന്ന ബസ് കണ്ടെയ്നറിലും മറ്റുവാഹനങ്ങളിലുമിടിച്ചു. കണ്ടെയ്നറിനുള്ളില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരെ  നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വണ്ടിക്കുള്ളില്‍നിന്ന് രക്ഷിച്ചു. വിദ്യാര്‍ഥികളായ നിലമ്പൂര്‍ വെള്ളിമറ്റം പടിച്ചിറവീട്ടില്‍ ഹരിദാസിന്റെ മകള്‍ രഞ്ജിനി (27), കണ്ണൂര്‍ സംഗീത് ഭവനില്‍ തെക്കന്‍ സംഗീത് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രഞ്ജിനിയുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ശനിയാഴ്ച പകല്‍ മൂന്നോടെയാണ് അപകടം. തൃശൂരില്‍നിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്  എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും റോഡരികിലേക്ക് നിരങ്ങി നീങ്ങിയതോടെ അതുവഴി പോയിരുന്ന ബൈക്ക്യാത്രികര്‍ കണ്ടെയ്നര്‍ ലോറിക്കടിയില്‍ കുടുങ്ങി. കാറിലും ഇടിച്ചു. 
നാട്ടുകാര്‍ ചേര്‍ന്ന് ലോറിക്കടിയില്‍ കുടുങ്ങിയ സംഗീതിനെയാണ് ആദ്യം വലിച്ച് പുറത്തെടുത്തത്. രഞ്ജിനി കണ്ടെയ്നര്‍ ലോറിയുടെ പിന്‍ചക്രത്തില്‍ കുടുങ്ങിക്കിടന്നു. രണ്ടുവണ്ടികളിലേയും ഡ്രൈവര്‍ ഓടിപ്പോയതിനാല്‍ വണ്ടി പുറകോട്ടെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അതുവഴി വന്ന മറ്റൊരുവണ്ടിയിലെ ഡ്രൈവര്‍ കയറി ക്ളച്ച് ചവിട്ടി. നാട്ടുകാര്‍ വണ്ടി പിന്നോട്ട് തള്ളി സ്ത്രീയെ പുറത്തെടുത്തെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. സ്വകാര്യബസിന്റെ പരാക്രമമാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  
ഹൈവേ പൊലീസെത്തി ഇരുവരേയും പൊലീസ് വണ്ടിയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ദിശനോക്കാതെ തലങ്ങും വിലങ്ങുമാണ് ഓടിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് തന്നെ കല്ലിടുക്കില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.  

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!