18 August Saturday

കാൽപ്പന്തുകളി നെഞ്ചേറ്റാൻ തൃശൂർ ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Jun 13, 2018
തൃശൂർ
ഇനി ഒരുനാൾ കാത്തിരുന്നാൽ ലോക കായികമാമാങ്കത്തിന് തുടക്കമാകും. തൃശൂരിലെ കാൽപ്പന്തുപ്രേമികൾ നാലുവർഷമായി കാത്തിരുന്ന 21 ാമത് ലോകകപ്പ് ഫുട്ബോളിനാണ് റഷ്യയിൽ വ്യാഴാഴ്ച തിരശീല ഉയരുന്നത്. റഷ്യയിലെ 12 സ്റ്റേഡിയങ്ങളിലാണ് ലോക ഫുട്ബോളിലെ 32 രാജാക്കന്മാർ പച്ചപ്പുല്ലിൽ തീപാറുന്ന പോരാട്ടം നടത്തുക. ഈ ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. 
ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാർ ജർമനിയാണെങ്കിലും  ജില്ലയിലെ ആരാധകരിൽ ഏറെയും രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനും  അഞ്ചാം സ്ഥാനക്കാരായ അർജന്റീനയ്ക്കുമൊപ്പമാണ്.  ജർമനിക്കു പിന്തുണയുമായും യുവസംഘം രംഗത്തുണ്ട്. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾക്കും ആരാധകർ ഏറെ. ഇന്ത്യ ലോകഫുട്ബോളിന്റെ ഏഴയലത്തില്ലെങ്കിലും, 2030ൽ ഇന്ത്യയും ലോകഗ്രൂപ്പിൽ സ്ഥാനം ഉറപ്പിക്കുമെന്ന പ്രഖ്യാപനങ്ങളും നാടാകെ പ്രചരിക്കുന്നുണ്ട്. 
ലോകഫുട്ബോളിലെ 67ാം സ്ഥാനക്കാരായ ആതിഥേയരായ റഷ്യയെ ഉദ്ഘാടനമത്സരത്തിൽ സൗദി നേരിടും. രാത്രി 8.30ന് അരങ്ങേറുന്ന പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് പ്രായഭേദമെന്യേയുള്ള ഫുട്ബോൾ പ്രേമികൾ. മത്സരം കാണാൻ, ഓഡിറ്റോറിയങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലെല്ലാം വമ്പൻ സ്ക്രീനുകൾ ഒരുക്കിക്കഴിഞ്ഞു. ഫുട്ബോൾ ജ്വരത്തിൽ മുങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരും  വീടുകളിലെ ടിവിക്കു മുന്നിൽ മത്സരം കാണാൻ ഒരുങ്ങിയിരിക്കയാണ്. 
വീടുകൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ ഇടങ്ങളിൽ വാശിയേറിയ പ്രചാരണങ്ങൾ നാം ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത രാജ്യങ്ങൾക്കും, കളിക്കാർക്കുമായി  നടക്കുകയാണ്. വാശിയേറിയ പ്രചാരണങ്ങൾ നാടാകെ മുറുകുന്നതാണ‌്കാൽപ്പന്തുകളിയുടെ പ്രത്യേകത.  ബ്രസീൽ, അർജന്റീന, ജർമനി, പോർച്ചുഗൽ, സ്പെയിൻ, ബെൽജിയം തുടങ്ങിയവ ടീമുകളുടെ ആരാധകരെല്ലാം സ്വന്തം രാജ്യത്തിന്റെ ടീം എന്നനിലയിലാണ് അവരെ നെഞ്ചേറ്റുന്നത്. 
നെയ്മർ, മെസി, റൊണാൾഡോ, മുഹമ്മദ് സല, ഗ്രീസ് മാൻ, സുവാരസ്, ഹാരി തുടങ്ങി വിവിധ രാജ്യങ്ങളിലെ താരപ്രതിഭകളെ നെഞ്ചേറ്റുന്നവരാണ് മലയാളികളിൽ അധികവും. കറുത്ത കുതിരകളാകാൻ മുന്നിട്ടിറങ്ങിയ ടീമുകളിലെ പേരറിയാത്ത കളിക്കാർക്കും ഇവിടെ ആരാധകരുണ്ട്. ഇറ്റലി, നെതർലാൻഡ്സ് തുടങ്ങിയ വമ്പൻമാൻ പന്തുതട്ടാൻ റഷ്യയിൽ എത്താത്തതിലുള്ള വേദനയുമായി വീടുകളിൽ ഒതുങ്ങിയ ആരാധകരും തൃശൂരിലുണ്ട്.
പ്രധാന വാർത്തകൾ
Top