18 August Saturday

മഴ ദുരിതമൊഴിയുന്നില്ല; വീടുകൾക്ക് നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
തൃശൂർ
ജില്ലയിൽ മഴയും കാറ്റും നാശം വിതയ‌്ക്കുന്നത‌് തുടരുന്നു. സർക്കാർ സഹായം നൽകി നിർമിക്കുന്ന വീടുൾപ്പെടെ പതിനഞ്ചോളം വീടുകൾ ചൊവ്വാഴ്ച തകർന്നു.  ഒരാഴ്ചയായി തീരങ്ങളിൽ കടൽക്ഷോഭം ശക്തമായിരുന്നു. എന്നാൽ ചൊവ്വാഴ്ച കാര്യമായ കടൽക്ഷോഭമുണ്ടായില്ല. സർക്കാർ ധനഹായപ്രകാരം നിർമാണം നടക്കുന്ന  കിഴക്കെ ചാലക്കുടി പട്ടിക്കാട്ടുക്കാരൻ ജോണിയുടെ വാർക്കക്കെട്ടിടം മഴയിൽ തകർന്നുവീണു. കൂടപ്പുഴ ഗാന്ധിനഗർ താണിക്കപ്പിള്ളി ഷെഫീനയുടെ വീട് മരം വീണ് തകർന്നു. പടിഞ്ഞാറെ ചാലക്കുടി മഠത്തിപ്പറമ്പിൽ മുരളീധരൻ, കരിവിലശേരി അരിമ്പൂക്കാരൻ ജോസിന്റെ ഭാര്യ റോസിലി, ചാലക്കുടി കുരുവിലശേരി ഹംസ, വടക്കേ ചാലക്കുടി കുളങ്ങരതൊട്ടിൽ നീലകണ്ഠൻ അയ്യപ്പൻ  എന്നിവരുടെ വീടുകൾക്ക് മുകളിലും മരംവീണ് നാശം സംഭവിച്ചു. 
കുഴൂർ പാറശേരി വിജയൻ, വടമ സ്വദേശി പോൾ, അതിരപ്പിള്ളി വെള്ളാരംകുന്ന് ബിജുവിന്റെ ഭാര്യ രേഷ്മ,  കല്ലൂർ പിടിയത്ത് മേരി ഫ്രാൻസീസ്, കൊടുങ്ങല്ലൂർ തലാശേരി സത്യൻ, കുന്നംകുളം ഇയ്യാനി തൈക്കൂട്ട് രാമകൃഷ്ണൻ, ആനന്ദപുരം ആനത്തോടത്ത് കുമാരൻ, വള്ളിവട്ടത്തുകാട് രാധ, മുല്ലശേരി മണി,  കൊച്ചുവില്ലയിൽ മനോജ് എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചു. 
ജില്ലയിൽ ജൂൺ ഒന്നുമുതൽ ഇതിനകം 242.7മില്ലിമീറ്റർ മഴ  ലഭിച്ചു. ശരാശരി 260.8 മില്ലിമീറ്ററാണ് ലഭിക്കേണ്ടത്. ഇതുവരെ  6.9 ശതമാനം കുറവാണ്. ആദ്യദിവസങ്ങളിലുണ്ടായ മഴയുടെ കുറവാണ് കാരണം. എന്നാൽ ജില്ലയിലെ ഡാമുകളിലെല്ലാം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെള്ളം കുടുതലാണ്. പെരിങ്ങൽക്കുത്ത് ഡാം തുറന്നിട്ടുമുണ്ട്.  അടുത്ത ദിവസങ്ങളിൽ ശരാശരി മറികടക്കാനാണ് സാധ്യത. എന്നാൽ സംസ്ഥാനത്താകെ 36.7 ശതമാനം മഴ കൂടുതൽ ലഭിച്ചിട്ടുണ്ട‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top