12 December Wednesday
എഴുന്നള്ളിപ്പിന് ആനക്ഷാമം വരുന്നു

കേരളത്തിൽ ഓരോ വർഷവും ചരിയുന്നത് 20‐22 നാട്ടാനകൾ

സ്വന്തം ലേഖകൻUpdated: Tuesday Mar 13, 2018
തൃശൂർ > സംസ്ഥാനത്ത് പ്രതിവർഷം 20 മുതൽ 22 നാട്ടാനകൾവരെ ചരിയുന്നതും ആന ഇറക്കുമതിക്ക് നിരോധനമുള്ളതുംമൂലം ഉത്സവ എഴുന്നള്ളിപ്പുകൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  2012ൽ വനംവകുപ്പ് തയ്യാറാക്കിയ കണക്കുപ്രകാരം പിടിയാനകളടക്കം 700 നാട്ടാനകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ എഴുന്നള്ളിപ്പിന് പോകുന്നത് 500 ആനകൾ മാത്രമാണ്. ആനകളെ കാട്ടിൽനിന്ന് പിടിക്കാനോ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനോ ഇപ്പോൾ അനുവാദമില്ല. ഈ സ്ഥിതി തുടർന്നാൽ ഉത്സവ എഴുന്നള്ളിപ്പുകൾ സമീപഭാവിയിൽത്തന്നെ പ്രതിസന്ധിയിലാകും. 
കേരളത്തിൽ എല്ലാ ജാതിമതസ്ഥരുടേതുമായി ഇരുപത്തയ്യായിരത്തിൽപ്പരം ഉത്സവങ്ങളുണ്ട്. മധ്യകേരളത്തിൽ ആനകളെ ഏഴന്നള്ളിക്കുന്ന അയ്യായിരത്തോളം ഉത്സവങ്ങളുണ്ടെന്ന് കേരള ഫെസ്റ്റിവൽ ഡയറക്ടറിയുടെ കർത്താവ് സി എ മേനോൻ പറയുന്നു. ഇവിടെ പെരുന്നാളിനും ചന്ദനക്കുടത്തിനുമെല്ലാം ആനയെഴുന്നള്ളിപ്പുണ്ട്. ഒരാനമുതൽ നൂറ് ആനവരെയുള്ള ആഘോഷങ്ങളുണ്ട്. അമ്പതും അറുപതും ആനകളെ അണിനിരത്തുന്ന പെരുന്നാളുകളുമുണ്ട്. കുടുംബക്ഷേത്രങ്ങളിലും പെരുന്നാളുകൾക്കുമടക്കം ആനകളെ കിട്ടാത്തതിനാൽ കാവടിയും ബാൻഡ്വാദ്യവുമാക്കാൻ തുടങ്ങിയിട്ടുണ്ട്. 
2012ൽ നാട്ടാന പരിപാലന ചട്ടം വന്നപ്പോഴാണ് ആനയുടെയും ഉടമയുടെയും പാപ്പാന്റെയും ഫോട്ടോയുള്ള ഡാറ്റബുക്ക് വനംവകുപ്പ് തയ്യാറാക്കിയത്. എഴുന്നള്ളിപ്പിന് വനംവകുപ്പ് മൈക്രോ ചിപ്പ് നൽകിയ 550 ആനകളിൽ വിവിധ കാരണങ്ങളാൽ നൂറോളം എണ്ണത്തിന് എഴുന്നള്ളിപ്പിന് പോകാൻ കഴിയാറില്ല. അതിനാൽ ഒാരോ ആനയ്ക്കും ഉത്സവകാലത്ത് ആവശ്യത്തിന് ഭക്ഷണവും വിശ്രമവുമില്ലാതെ അമിതജോലി ചെയ്യേണ്ടിവരുന്നു. ഒരാനയ്ക്ക് വർഷത്തിൽ ശരാശരി 70‐80 എഴുന്നള്ളിപ്പുകൾക്ക് പോകേണ്ടിവരുന്നു. ആന ശരാശരി 65‐70 വയസ്സുവരെയാണ് എഴുന്നള്ളിപ്പിന് പോകാറുള്ളത്. കേരളത്തിൽ കൂടുതൽ ആനകളും 40 വയസ്സിനു മുകളിലുള്ളവയാണ്. 
ആനയ്ക്ക് ദിവസവും ചുരുങ്ങിയത് ആറു മണിക്കൂർ വിശ്രമം ആവശ്യമാണ്. കിടന്നുറങ്ങാൻ ശാന്തമായ അന്തരീക്ഷവും വേണം. എന്നാൽ, ഉത്സവസീസണുകളിൽ അത്് സാധ്യമാവില്ല. ദിവസം 250 ലിറ്റർ വെള്ളവും 150 മുതൽ 250 കിലോവരെ ഭക്ഷണവും ആനയ്ക്ക് നൽകണം. കാട്ടിൽ 18 മണിക്കൂർ സഞ്ചാരത്തോടുകൂടിയ തീറ്റയും ആറു മണിക്കൂർ വിശ്രമവുമുള്ള ജീവിയാണിത്. ആനയുടെ ശരീര താപനില മനുഷ്യരേക്കാൾ കുറവാണ്. പകൽ ചൂടും രാത്രി തണുപ്പുമുള്ള ഉത്സവകാലത്തെ അന്തരീക്ഷംതന്നെ  ആനയുടെ ശരീരപ്രകൃതിക്ക് യോജിക്കാത്തതാണെന്ന് ആനചികിത്സകനായ ഡോ. പി എസ് രാജീവ് പറഞ്ഞു. നൂറോളം പിടിയാനകളുള്ള കേരളത്തിൽ ആനകളുടെ വംശവർധനയെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്നും മണ്ണുത്തി വെറ്ററിനറി കോളേജ് എലിഫന്റ് സ്റ്റഡി വിഭാഗത്തിലെ ഡോ. രാജീവ് അഭിപ്രായപ്പെട്ടു. ആനകൾ ഏറെയുള്ള അസമിൽനിന്ന് കൊണ്ടുവരാൻ സംവിധാനമുണ്ടായാലേ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂ എന്ന് ആന ഉടമസ്ഥ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി ശശികുമാർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top