18 August Saturday
സിപിഐ എം സംസ്ഥാന സമ്മേളനം

കോടതി ‘നിറച്ച്' യുവസമര വിജയം

ജോർജ് ജോൺUpdated: Tuesday Feb 13, 2018

 

തൃശൂർ > ജില്ലയിലെ യുവജനസമരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമാണ് 1982 ഡിസംബറിലെ ഡിവൈഎഫ്‌ഐയുടെ തൃശൂർ കലക്ടറേറ്റ് വളയൽ. ക്രൂരമായ ലാത്തിച്ചാർജിനു പിറകേ വെടിവയ്പുമുണ്ടായി. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. കേസിന്റെ കാര്യത്തിലും ഈ സമരം ചരിത്രത്തിൽ ഇടം നേടി.  
തൃശൂർ കലക്ടറേറ്റിനു മുന്നിലെ ആദ്യത്തെ വെടിവയ്പായിരുന്നു അത്. തൊഴിലില്ലായ്മയ്‌ക്കെതിരെയുള്ള യുവജനസമരം. വെടിയുണ്ടകളും ലാത്തിയും കണ്ണീർവാതകവുംകൊണ്ടാണ് കോൺഗ്രസ് ഭരണം സമരത്തെ നേരിട്ടത്. സമര വളണ്ടിയർമാർ തലേ ദിവസം രാവിലെ അതതു പ്രദേശങ്ങളിൽനിന്ന് വിരിപ്പ്, പൊതിച്ചോറ്, വസ്ത്രം എന്നിവയുമായ് കാൽനടയായി നഗരപ്രാന്തത്തിലെ ക്യാമ്പുകളിലെത്തി രാത്രി തങ്ങി. 
വിയ്യൂർ ക്ഷേത്രമൈതാനം, പൂങ്കുന്നം ശിവക്ഷേത്ര മൈതാനം, കണിമംഗലം വലിയാലുക്കൽ ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളായിരുന്നു ക്യാമ്പുകൾ. അതി രാവിലെ കലക്ടറേറ്റിലേക്ക് മാർച്ച് ആരംഭിച്ചു. ധാരാളം യുവതികളുൾപ്പെടെ പതിനായിരത്തോളം വരുന്ന വളണ്ടിയർമാരാണ് അണിനിരന്നത്. 
 എസ്പി രമൺ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമരത്തെ നേരിട്ടത്. മുദ്രാവാക്യങ്ങളുമായി കലക്ടറേറ്റിലേക്ക് ആർത്തിരമ്പി വന്ന വളണ്ടിയർമാരെ പൊലീസ് ആദ്യം വടം കെട്ടി തടഞ്ഞു. യുവജനശക്തിക്കു മുന്നിൽ ഈ സംവിധാനം നിഷ്പ്രഭമായി. ഇതോടെ ക്രൂരമായി ലാത്തിച്ചാർജ്  തുടങ്ങി. കണ്ണീർവാതകപ്രയോഗവും മുന്നറിയിപ്പില്ലാതെ വെടിവയ്പും നടത്തി. 
കലക്ടറേറ്റിനു മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകരെ ജീപ്പിൽ പിന്തുടർന്ന്, അമല ആശുപത്രിവരെയും തൃശൂർ നഗരം വരെയും ഓടിച്ചിട്ട് തല്ലി. വഴിയാത്രക്കാർക്കും തല്ലു കിട്ടി. സംഘർഷത്തിനിടെ രണ്ട് പൊലീസ് ജീപ്പ് അഗ്നിക്കിരയായി.
 മുന്നൂറോളം പ്രവർത്തകർ സാരമായി പരിക്കേറ്റ് ആശുപത്രിയിലായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ കെ മാമക്കുട്ടി അടക്കം നിരവധി പേരെ ജയിലിലടച്ചു. പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ വി പീതാംബരൻ, പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സി കെ ചന്ദ്രൻ ഉൾപ്പെടെയുള്ളവർ പരിക്കേറ്റ് ആശുപത്രിയിലായി. 
 404 പ്രവർത്തകർക്കെതിരെയായിരുന്നു കേസ്.  കേസ് നടക്കുന്ന ദിവസം 'പ്രതികളെ'ക്കൊണ്ട് മറ്റ് കോടതികളുടെ നടപടികൾ പലപ്പോഴും തടസ്സപ്പെട്ടു. 'ജനക്കൂട്ടത്തെ എങ്ങനെ ശിക്ഷിക്കും'എന്ന ജഡ്ജിയുടെ പരാമർശത്തോടെ ഒടുവിൽ കോടതി കേസ് തള്ളി. മാസങ്ങളോളം തുടർചികിത്സ നടത്തിയാണ് ലാത്തിച്ചാർജിൽ പരിക്കേറ്റവർ പലരും സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നത്.
പ്രധാന വാർത്തകൾ
Top