21 April Saturday

ജെഡിയു യുഡിഎഫ് വിട്ടതില്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്ളാദം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 

തൃശൂര്‍ > യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിക്കാന്‍ ജനതാദള്‍(യു) തിരുമാനമെടുത്തതില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ആഹ്ളാദത്തില്‍. കോണ്‍ഗ്രസിന്റെ അവഗണന അസഹ്യമായതിനെ ത്തുടര്‍ന്ന് പാര്‍ടി എത്രയും വേഗം യുഡിഎഫ് വിടണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ആദ്യം ആവശ്യമുന്നയിച്ചത് തൃശൂര്‍ ജില്ലാ കമ്മിറ്റിയാണെന്ന് ജെഡിയു ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി പറഞ്ഞു. സംസ്ഥാനത്ത് ജെഡിയു കോണ്‍ഗ്രസില്‍നിന്ന് ഏറ്റവും അവഗണന നേരിട്ട ജില്ലയും തൃശൂരാണ്.
വിവിധ തെരഞ്ഞെടുപ്പുകള്‍ മുതല്‍ ഏറ്റവും ഒടുവില്‍ നടത്തിയ ചെന്നിത്തലയുടെ പടയൊരുക്കത്തിനുപോലും അവഗണനയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ നല്‍കിയെങ്കിലും കോണ്‍ഗ്രസുകാര്‍ തോല്‍പ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ പരിപാടികള്‍ക്ക് എത്തണമെന്നല്ലാതെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍പ്പോലും ജെഡിയുവിന് അര്‍ഹതപ്പെട്ടത് നല്‍കിയില്ല. 
വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന ജെഡിയു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിനും തൃശൂര്‍ സാക്ഷ്യംവഹിച്ച സംഭവങ്ങളുണ്ട്. യുഡിഎഫ് ഭരണകാലത്ത്  ജെഡിയു സംസ്ഥാന കമ്മിറ്റിയംഗവും നാട്ടിക മണ്ഡലം പ്രസിഡന്റുമായിരുന്ന പി ജി ദീപക് കൊലചെയ്യപ്പെട്ടപ്പോള്‍ പ്രതികളായ ബിജെപിക്കാരെ സഹായിക്കുന്ന നിലപാടാണ് തൃശൂര്‍ ഡിസിസിയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും കൈക്കൊണ്ടത്. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരായ പത്ത് പ്രതികളേയും കോടതി വെറുതെ വിടാനിടയായതിന് ഉത്തരവാദി അന്നത്തെ ആഭ്യന്തര വകുപ്പാണ്. ഇതിനുപിന്നില്‍ ബിജെപി നേതൃത്വവും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യബന്ധങ്ങളാണ്. ഈ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് ജെഡിയു ജില്ലാകമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയം യുഡിഎഫില്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. എം പി വീരേന്ദ്രകുമാര്‍ പാലക്കാട്ട് പരാജയപ്പെട്ടതിനെക്കുറിച്ചുള്ള പിള്ള കമീഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് പൂഴ്ത്തുകയായിരുന്നു. തൃശൂരില്‍ വര്‍ഗീയ, മത, സാമുദായിക നേതാക്കളുടെ മുന്നണിയാണ് യുഡിഎഫ്.  
തൃശൂര്‍ കോര്‍പറേഷനില്‍ ജെഡിയുവിന് മൂന്ന് സീറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസുകാര്‍ തോല്‍പ്പിച്ചു.  ഇതാദ്യമായാണ് ജനതാദളിന് തൃശൂര്‍ നഗരത്തില്‍ ഈ അവസ്ഥയുണ്ടായത്. എല്‍ഡിഎഫില്‍ നില്‍ക്കുമ്പോള്‍ സ്ഥിതി അതായിരുന്നില്ല. കോര്‍പറേഷനില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിച്ചത് കുപ്രസിദ്ധമാണ്. ഈ നീക്കത്തിനെതിരായും ജെഡിയു യുഡിഎഫില്‍ വാദിച്ചു. എല്‍ഡിഎഫുമായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തില്‍ തൃശൂരിലെ പാര്‍ടി പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങുമെന്നും യൂജിന്‍ മൊറേലി പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top