22 September Saturday
12 വീടുകൾ ഭാഗികമായി തകർന്നു

മഴയ‌്ക്ക‌് ശമനമില്ല; ശക്തമായ കാറ്റിനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ

തൃശൂർ
മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴ ശമനമില്ലാതെ തുടരുന്നു. രണ്ടുദിവസംകൂടി മഴ ശക്തമായി തുടരുമെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ട‌്. ജില്ലയിൽ ജൂൺ ഒന്നുമുതൽ ജൂലൈ 11വരെ 1021  മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ ലഭിച്ചത്‌ 814 മില്ലീമീറ്റർ മഴയാണ്‌. പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിൽ വെള്ളം ക്രമാതീതമായി ഉയർന്നു. മറ്റു ജലസ്രോതസ്സുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 
പീച്ചി ഡാമിൽ വെള്ളം 73 അടിയിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. ചിമ്മിനി ഡാമിൽ 62.70, വാഴാനിയിൽ 54.58 അടിയായി വെള്ളം ഉയർന്നിട്ടുണ്ട്. തൃശൂർ, ചാവക്കാട് താലൂക്കുകളിൽ നാല് വീടും, തലപ്പിള്ളി താലൂക്കിൽ രണ്ട് വീടും കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്ക് പ്രദേശങ്ങളിൽ ആറും വീടുകളുമാണ് ഭാഗികമായി തകർന്നത്. കൂടാതെ, വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി താമസയോഗ്യമല്ലാതായി. മരം വീണാണ് വീടുകൾ ഭാഗികമായി തകർന്നത്. ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. അവണൂരിൽ കുത്തുമഠത്തിൽ മാധവന്റെ മകൻ രാധാകൃഷ്ണന്റെ വീടിനുമുകളിൽ മരം വീണു. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
തലപ്പിള്ളി താലൂക്കിലെ അഞ്ചു വീടുകളിൽ വെള്ളം കയറി. കൊടുങ്ങല്ലൂർ പാപ്പിനിവട്ടത്ത് ബേക്കറിക്കുമുകളിൽ വൈദ്യുതിപോസ്റ്റ് മറിഞ്ഞു വീണു.കുറ്റുമുക്ക് കുറ്റ്യാലിൽ പുളിക്കൻ മോഹനന്റെ ഓടിട്ട വീടിനുമുകളിലേക്ക് തെങ്ങ് വീണു. ചാവക്കാട് വലിയകത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ വീടിനുമുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
എളവള്ളി ചിറ്റാട്ടുകരയിൽ ജോഷിയുടെ വീടിനുമുകളിൽ മരം വീണ് 10,000 രൂപയുടെ നഷ്ടം സംഭവിച്ചു. 
പുത്തൂരിൽ മൂന്ന് വീട‌് വെള്ളക്കെട്ടിലായി. വെട്ടുകാട് പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. മുളയത്ത് പ്രിയ ശിവന്റെ വീട്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കോലഴി പൂവണിയിലെ  സംസ്ഥാന പാതയിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
 
പ്രധാന വാർത്തകൾ
Top