17 October Wednesday
ദുരിതാശ്വാസക്യാമ്പുകളിൽ 1029 പേർ

അറുതിയില്ല

സ്വന്തം ലേഖകൻUpdated: Saturday Aug 11, 2018

കനത്ത മഴയിൽ നിറഞ്ഞുകിടക്കുന്ന ചിമ്മിണി ഡാം

 

തൃശൂർ
മഴയ‌്ക്ക് അൽപ്പം ശമനമുണ്ടായെങ്കിലും കഴിഞ്ഞദിവസങ്ങളിൽ പെയ്തിറങ്ങിയ ദുരിതത്തിന് അറുതിയായില്ല. ജില്ലയിൽ  നൂറുകണക്കിന് വീടുകളിൽ  വെള്ളംകയറി. തുടർന്ന് 1029 പേർ  ദുരിതാശ്വാസക്യാമ്പുകളിലാണ്. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 304 കുടുംബങ്ങളാണ് കഴിയുന്നത്.  ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം എല്ലാ സഹായവും എത്തിക്കാൻ സർക്കാരും പഞ്ചായത്തുകളും ചേർന്ന് ശ്രമിക്കുന്നുണ്ട്. ഇതര സംഘടനകളും സഹായവുമായി രംഗത്തുണ്ട്.  
പീച്ചിഡാം തുറന്നതോടെ മണലിപ്പുഴയുടെ തീരങ്ങളിലുള്ള നിരവധി വീടുകളിലേക്ക് വെള്ളംകയറി. വൻകൃഷിനാശവും സംഭവിച്ചു. നടത്തറ, പുത്തൂർ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിൽ വൻകൃഷിനാശമുണ്ടായി. ചിമ്മിണിഡാമും തുറന്നതോടെ കരുവന്നൂർ പുഴയുടെ തീരങ്ങളിലുള്ള ഒട്ടേറെ വീടുകളിലേക്കും വെള്ളംകയറി. 
കോൾമേഖല പൂർണമായും വെള്ളത്തിലായി. പലയിടങ്ങളിലും റോഡും പാടവും തിരിച്ചറിയാത്ത സ്ഥിതിയാണ്.  കേരള ഷോളയാർ തുറന്നതോടെ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടത്തിലൂടെ ശക്തമായ ഒഴുക്കാണുള്ളത്. ചാലക്കുടി പുഴയിലും ജലവിതാനം കൂടി. പുഴയുടെ തീരങ്ങളിലുള്ളവർ  ദുരിതത്തിലാണ്. ഇതിനിടെ  660 ഘനമീറ്റർ ശക്തിയിൽ  ഇടുക്കി ഡാം തുറന്നതോടെ  കൊടുങ്ങല്ലൂർ താലൂക്കിൽ പെരിയാറിലും കാനോലി കനാലും നിറഞ്ഞു. 
ഭാരതപ്പുഴ കരകവിഞ്ഞും  വ്യാപക കൃഷിനാശമുണ്ടായി. ഭാരതപ്പുഴയിൽ ജലനിരപ്പ്  ഉയർന്നതോടെ ഗുരുവായൂർ  പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പുഴകളുടെ  തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് കലക്ടർ ടി വി അനുപമ  അഭ്യർഥിച്ചു. 
ദേശീയപാത കുതിരാനിൽ തുരങ്കത്തിനു  സമീപം മണ്ണിടിയുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്. ഒന്നാംതുരങ്കത്തിന് മുകളിലായാണ് മണ്ണിടിയുന്നത്. വനത്തിൽ കനത്തിൽ മഴ പെയ്തതോടെ  മുകളിൽനിന്നുള്ള മണ്ണ് ഇടിയുകയായിരുന്നു. മഴ കനത്ത് റോഡ് തകർന്നതോടെ കുതിരാനിൽ കുറ്റൻ ട്രെയിലർലോറി റോഡിൽ തകരാറിലായതും ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. 
ചാലക്കുടി താലൂക്കിൽ ആറ് ക്യാമ്പ് തുറന്നു. കൊടുങ്ങല്ലൂർ നാല്, മുകുന്ദപുരം മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 
പരിയാരം സെന്റ്ജോർജ് ഹൈസ്കൂൾ, കല്ലൂർ വടക്കുമുറി ചെറുവാളൂർ എൻഎസ്എച്ച്എസ്, കിഴക്കേ ചാലക്കുടി, കോടപ്പുഴ ടിബിസി ഹാൾ, മേലൂർ ഡിവൈൻ സെന്റർ, കല്ലൂർ തെക്കുമുറി സെന്റ് ആന്റണീസ് പാരിഷ് ഹാൾ, കല്ലൂർ തെക്കുമുറി പഞ്ചായത്ത് സാംസ്കാരികനിലയം, കൊടുങ്ങല്ലൂർ താലൂക്കിൽ അഴീക്കോട് സുനാമി ഷെൽട്ടർ, എടവിലങ്ങ് സെന്റ് ആന്റണീസ് സ്കുൾ, പൊയ്യ അമ്പൂക്കാരൻ ഇട്ടീര സ്മാരക സ്കൂൾ, എസ്എൻ ദേവവിലാസം സ്കൂൾ, മുകുന്ദപുരം താലൂക്കിൽ തൃക്കൂർ മാർ കുരിയാക്കോസ് സുറിയാനി സ്കൂൾ, നെന്മണിക്കര ഹോളി ഫാമിലി സ്കൂൾ, ചിറ്റിശേരി അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top