Top
24
Friday, November 2017
About UsE-Paper

ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കമായി

Friday Nov 10, 2017
വെബ് ഡെസ്‌ക്‌
# ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ നിന്ന്

 

ഗുരുവായൂര്‍ > ചിന്തയുടെയും വിനോദത്തിന്റെയും കൌമാരക്കാഴ്ചകളുമായി  റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കമായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ, ചാവക്കാട് ഗവ. എച്ച്എസ്എസ്, മമ്മിയൂര്‍ എല്‍എഫ്സിജിഎച്ച്എസ്എസ്, ചാവക്കാട് എംആര്‍ആര്‍എംഎച്ച്എസ്എസ്, മണത്തല ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി, സാമൂഹ്യശാസ്ത്ര, വിഎച്ച്എസ്സി എക്സ്പോ ആരംഭിച്ചത്. ഇടുക്കി ജില്ലയില്‍നിന്നുള്ള വിഎച്ച്എസ്സി വിദ്യാര്‍ഥികളും വിഎച്ച്എസ്സി എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇടുക്കി ജില്ല തൃശൂര്‍ റീജണിലാണ്.
ശ്രീകൃഷ്ണയില്‍ നടന്ന പ്രവൃത്തിപരിചയമേളയില്‍ പാഴ്വസ്തുക്കള്‍കൊണ്ടുള്ള നിര്‍മാണങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്. സൈക്കിള്‍ റിം കൊണ്ടും കാര്‍ ടയര്‍കൊണ്ടുമുള്ള ടീപ്പോയ്, ചകിരിയും അടയ്ക്കാതൊണ്ടുംകൊണ്ടുള്ള അലങ്കാരവസ്തുക്കള്‍, ടേബിള്‍ഫാനിന്റെ വിവിധഭാഗങ്ങളുപയോഗിച്ചുള്ള തത്തക്കൂട് തുടങ്ങി കരവിരുതിന്റെ കലവറയാണ് ഇതള്‍ വിരിഞ്ഞത്. പാവനിര്‍മാണത്തിലെ കലാചാതുരിയിലാണ് യുപി, എല്‍പി കുരുന്നുകളുടെ മിടുക്ക് പ്രകടമായത്.  മരപ്പണിയിലും  മുളകൊണ്ടുള്ള നെയ്ത്തിലും നെറ്റ് നിര്‍മാണത്തിലും കളിമണ്‍ശില്‍പ്പനിര്‍മാണത്തിലും  കരവിരുതിന്റെ നിദര്‍ശനം ഒളിയിട്ടു.
മണത്തല ഗവ. എച്ച്എസ്എസില്‍ നടന്ന ഗണിതമേളയാണ് പ്രതിഭയുടെ മിന്നല്‍ ദര്‍ശിച്ച മറ്റൊരിടം. സ്റ്റില്‍ മോഡലില്‍ ലോകത്തെ ഒട്ടെല്ലാ ആര്‍ക്കിടെക്ട് അത്ഭുതങ്ങളും പുനര്‍ജനിച്ചു. എല്‍എഫില്‍ നടന്ന സയന്‍സ്മേള സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ശാസ്ത്രാവതരണംകൊണ്ട് മികവുറ്റതായി.  
എംആര്‍ആര്‍ സ്കൂളില്‍ നടന്ന വിഎച്ച്എസ്സി എക്സ്പോയില്‍ ഇടുക്കി എസ്എന്‍ഡിപി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സോളാര്‍ ബൈക്കും സൈക്കിളും ശ്രദ്ധേയമായി. നടവരമ്പ് ഗവ. വിഎച്ച്എസ്സി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നവീന കൃഷിരീതികളാണ് ശ്രദ്ധേയമായ മറ്റൊന്ന്. അയ്യന്തോള്‍ ഗവ. വിഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിച്ച പാലുല്‍പ്പന്നങ്ങളും കൌതുകമേകി. 
ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. മേള വെള്ളിയാഴ്ചയും തുടരും.