23 September Sunday

കർഷകസംഘം കുത്തിയിരിപ്പ‌് സമരത്തിന‌് ഉജ്വല സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തൃശൂർ
കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ഒരുദിവസത്തെ കുത്തിയിരിപ്പ് സമരം സമാപിച്ചു. രാവിലെ പത്തിന് ആരംഭിച്ച കർഷകപ്രക്ഷോഭം രാത്രി എട്ടിനാണ് സമാപിച്ചത്. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. 
പ്രക്ഷോഭത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാഷ്ട്രയഭേദമെന്യേ കർഷകരും പൊതജനങ്ങളും സമരകേന്ദ്രത്തിലെത്തി അഭിവാദ്യമർപ്പിച്ചു. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് സമരകേന്ദ്രത്തിൽ കണാനായത്. രാവിലെ രോഷപ്രകടനത്തിനുശേഷമാണ് കർഷകർ കുത്തിയിരിപ്പുസമരം  ആരംഭിച്ചത്. തുടർന്ന് പ്രധാനമന്ത്രിക്ക് കൈമാറാനുള്ള ഒപ്പുകൾ സമരകേന്ദ്രത്തിൽനിന്ന് കൈവണ്ടിയിൽകൊണ്ടുപോയി കലക്ടർക്ക് നൽകുകയും ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ, പി കെ ഡേവിസ്, പി ആർ വർഗീസ്, അമ്പാടിവേണു, സെബി ജോസഫ്, കെ രവീന്ദ്രൻ, ഇ വി കൊച്ചുദേവസി, പ്രൊഫ. എ എം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുകൾ കലക്ടർക്ക് കൈമാറിയത്. 
സമരകേന്ദ്രത്തിൽ പീപ്പിൾസ് തിയറ്റർ തൃശൂർ വിപ്ലവഗാനങ്ങളും നാടൻപാട്ടുകളും അവതരിപ്പിച്ചു. പി ഡി പൗലോസ്, ജയശ്രീ, വസന്ത എന്നിവർ ഗാനം ആലപിച്ചു. പൗലോസിന്റെ ഒറ്റയാൾ നാടകം 'ചീങ്കണ്ണി' അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. കെ ആർ വിജയ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി എസ് നാരായണൻകുട്ടി, ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കെ അജിത്കുമാർ, കെ കെ രാമചന്ദ്രൻ, ബാബു എം പാലിശേരി എന്നിവർ സംസാരിച്ചു. 
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിനിരയായവരെ സഹായിക്കാൻ സമരപ്പന്തലിൽനിന്ന് 9798 രൂപ ശേഖരിച്ചു. തുക കർഷക സംഘം സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top