Top
18
Saturday, November 2017
About UsE-Paper
നോട്ട് നിരോധന വാര്‍ഷികം

ജനരോഷം ഇരമ്പി

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
ജനത്തെ ദുരിതത്തിലാക്കിയ മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

 തൃശൂര്‍ > ജനങ്ങളെ വലയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും ബിജെപിയുടെ അഴിമതിയും തുറന്നുകാട്ടി നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനമായ ബുധനാഴ്ച നാടെങ്ങും പ്രതിഷേധം ഇരമ്പി. എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ അടക്കം വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ജില്ലയില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ജനവിരുദ്ധ ഹര്‍ത്താലിനെ വെല്ലുവിളിച്ച് പ്രകടനങ്ങളിലും യോഗങ്ങളിലും ആയിരങ്ങള്‍ പങ്കാളികളായി. സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും സംഘടിപ്പിച്ചത്. 

തൃശൂരില്‍ തെക്കേ ഗോപുരനടയില്‍ കേന്ദ്രീകരിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നടുവിലാലിലുള്ള തൃശൂര്‍ എസ്ബിഐ മെയിന്‍ ശാഖയ്ക്കുമുന്നിലാണ് പ്രതിഷേധധര്‍ണ നടത്തിയത്. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി ടി അഷറഫ് (ജനതാദള്‍എസ്), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ് എസ്), എ വി വല്ലഭന്‍ (എന്‍സിപി), പോള്‍ എം ചാക്കോ (കേരള കോണ്‍ഗ്രസ്), പി വിജയകുമാര്‍ (സിഎംപി) എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ട്രേഡ് യൂണിയന്‍ ഐക്യവേദി, സഹകരണ സംരക്ഷണ മുന്നണി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയവയുടെ ആഭിമുഖ്യത്തിലും പ്രകടനങ്ങളും യോഗങ്ങളും നടന്നു. നോട്ട് നിരോധന വാര്‍ഷികം കോണ്‍ഗ്രസ് കരിദിനമായി ആചരിച്ചു. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.