18 November Sunday

എൽഡിഎഫ് ഹർത്താൽ വിജയിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

തൃശൂർ
പെട്രോൾ, ഡീസൽ പാചകവാതക വില വർധനക്കെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  തിങ്കളാഴ‌്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംഘടിപ്പിക്കുന്ന എൽഡിഎഫ് ഹർത്താൽ  ജില്ലയിൽ വൻവിജയമാൻ എൽഡിഎഫ്  ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. തിങ്കളാഴച രാവിലെ പത്തിന‌് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമുണ്ടാക്കരുതെന്ന് യോഗം അഭ്യർഥിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. എൽഡിഎഫ‌് കൺവീനർ കെ രാധാകൃഷ്ണൻ മേൽകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. എൽഡിഎഫ് നേതാക്കളായ യു പി ജോസഫ്, പി ബാലചന്ദ്രൻ, സി ആർ വത്സൻ, പി എൻ ശങ്കർ, ഇ എ ദിനമണി, ടി കെ ഉണ്ണിച്ചെക്കൻ, കെ കെ വിദ്യാധരൻ, ഐ എ റപ്പായി, പി ടി അഷറഫ് എന്നിവർ സംസാരിച്ചു.
കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അതീതമായി പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളേയും എൽഡിഎഫ് ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ഗവൺമെന്റും മന്ത്രിമാരും എംപി , എംഎൽഎ തുടങ്ങി എല്ലാ തദ്ദേശസ്ഥാപപനങ്ങളിലെ ജനപ്രതിനിധികളും ഗവൺമെന്റ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവച്ചത്.  പ്രളയ ദുരിതം ഉണ്ടായ സ്ഥലങ്ങളിലെ പുനരധിവാസ തുടർ പ്രവർത്തനങ്ങളിലും ഇത്തരം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. 
പ്രകൃതിക്ഷോഭത്തിൽ മരണമടഞ്ഞവർക്കും മുൻ ലോകസഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി, മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ്,  മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ, സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ.എം മുരളീധരൻ എന്നിവരുടെ വേർപാടിൽ യോഗം അനുശോചിച്ചു.
പ്രധാന വാർത്തകൾ
Top