25 September Tuesday
സ്വയം ചികിത്സ അരുത‌്

ഡെങ്കിപ്പനിക്ക‌് സാധ്യത

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
 
തൃശൂർ
ജില്ലയിൽ ശനിയാഴ‌്ച ആകെ 952 പേർക്ക‌് പനിയും ഏഴ‌് ചിക്കൻ പോക്‌സും റിപ്പോർട്ട് ചെയ്തു. എലിപ്പനി ഒന്നും  റിപ്പോർട്ട് ചെയ‌്തിട്ടില്ല. എന്നാൽ, ഡൽഹിയിൽനിന്നുള്ള എന്റമോളജി ടീം, ചെന്നൈയിൽനിന്നുള്ള സോണൽ എന്റമോളജി  ടീം, തൃശൂർ ഡിവിസി യൂണിറ്റ് എന്നിവർ ചേർന്ന് ജില്ലയിൽ നടത്തിയ പഠനത്തിൽ  കൊതുകു വളരുന്നതിനും കൊതുകുജന്യ രോഗങ്ങൾ പടരുന്നതിനുമുള്ള സാധ്യത ജില്ലയിൽ വളരെ കൂടുതലാണെന്ന് കണ്ടെത്തി. 
കൊതുകിന്റെ പ്രജനനം നടക്കാൻ സാധ്യതയുള്ള വെള്ളം സംഭരിച്ചുവെച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതുമായ പാത്രങ്ങളും മറ്റും ശരിയായ രീതിയിൽ നിർമാർജനം ചെയ്തില്ലെങ്കിൽ കൊതുകിന്റെ സാന്ദ്രത വർധിച്ച‌് ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലമ്പനി എന്നിവ പടരുന്നതിന് സാധ്യതയുണ്ട‌്. പെട്ടെന്നുള്ള പനി, ത്വക്കിലുണ്ടാകുന്ന പാടുകൾ, സന്ധിവേദന, കാലിൽ നീരുവന്ന‌് വീർക്കുക, കണ്ണുകൾ ചുവന്നുതുടുക്കുക, നടുവേദന, തലവേദന എന്നിവയാണ‌് ചിക്കുൻ  ഗുനിയയുടെ ലക്ഷണങ്ങൾ. 
വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയാണു ചിക്കുൻ ഗുനിയ പ്രതിരോധിക്കുന്നതിനുള്ള പ്രധാന വഴി. കടുത്ത പനി, പേശിവേദന, വയറുവേദന, വയറിളക്കം, ഛർദി, തലവേദന, ശരീരത്തിലെ തടിപ്പുകൾ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാകാം. മറ്റു സംസ്ഥാനത്തുനിന്നും യാത്രചെയ്തു വരുന്നവർക്ക്‌ പനി ബാധയുണ്ടായാൽ ഉടനെ രക്തപരിശോധന നടത്തണം. ഒരാൾക്ക്‌ മലമ്പനി സ്ഥിരീകരിച്ചാൽ വീട്ടുകാരും പരിസര വാസികളും രക്തപരിശോധന നടത്തണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ  സമീപിക്കണമെന്നും ഡിഎംഒ  അറിയിച്ചു.
പ്രധാന വാർത്തകൾ
Top