17 November Saturday

ഇന്ത്യൻ കർഷകർ മഹാപ്രക്ഷോഭത്തിലേക്ക‌് : ഡോ. വിജു കൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
മണലൂർ 
മുപ്പത് വർഷമായി ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലുതും  സംഘർഷഭരിതവുമായ പ്രക്ഷോഭത്തിനാണ് കർഷകർ തയ്യാറെടുക്കുന്നതെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യ കിസാൻ സഭ ജോ. സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ പറഞ്ഞു.  ഇതിനെ വക്രീകരിച്ച‌് ആശയവും ആയുധവും കൊണ്ട് എതിരിട്ട് തോൽപ്പിയ്ക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പൊതുസമൂഹം ജാഗ്രതപുലർത്തണമെന്നും  അദ്ദേഹം പറഞ്ഞു. വി കെ സഹജൻ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ സംഘടിപ്പിച്ച സെമിനാറിൽ ‘സമകാലീന ഇന്ത്യൻ കാർഷികരംഗവും കർഷക പ്രതിരോധവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വാമിനാഥൻ റിപ്പോർട്ടും  കടാശ്വാസ നിയമവും ഒക്കെയായിരുന്നു പ്രത്യക്ഷ മുദ്രാവാക്യം. എന്നാൽ നാഗ്പൂർ മുതൽ മുംബൈ വരെയുള്ള 180 കിലോമീറ്റർ ദൂരം താണ്ടിയ മഹായാത്ര സമരത്തിൽ അണിനിരന്ന ലക്ഷക്കണക്കിന് സമരക്കാരിൽ ഓരോരുത്തർക്കും ഉന്നയിക്കാനുള്ള കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ദിവസങ്ങൾ മാത്രം നീണ്ട്നിന്ന ഈ മഹായാത്ര സമരത്തിൽ അതിനെയെല്ലാം ഏകീകരിപ്പിച്ച് അധികാരികളെ കൊണ്ട് അംഗീകരിപ്പിക്കാനായി.  ഇതാണ‌് ലോകം  അംഗീകരിച്ച ഈ സമര വിജയത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.
സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാൻ ഇന്ത്യയിൽ നടന്ന വ്യത്യസ്ത കാർഷിക കലാപങ്ങൾ നിർണായകമായിരുന്നുവെന്ന‌് അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇത്തരം കർഷകപോരാട്ടങ്ങൾ നടന്നു. ഇതിന്റെ തുടർച്ചയായി ഇ എം എസ‌് സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാർ ഭൂപരിഷ്കരണനിയമം പാസാക്കിയതാണ‌് കേരളത്തെ ഇന്ത്യൻ പൊതുധാരയിൽനിന്ന‌് വ്യത്യസ്തമാക്കിയത‌്. കോൺഗ്രസ‌് വിളിച്ചതും ഏറ്റെടുത്തതുമായ മുദ്രാവാക്യങ്ങൾ അധികാരത്തിൽ വന്നപ്പോൾ മറന്നുപോയി. ഇതാണ‌് കോൺഗ്രസിനേറ്റ തിരിച്ചടിക്ക‌് കാരണമെന്നും അദ്ദേഹം പറഞ്ഞു. 
സഹജൻ അനുസ്മരണവേദി ചെയർമാൻ വി എൻ സുർജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി എംഎൽഎ, സിപിഐ എം മണലൂർ ഏരിയ സെക്രട്ടറി സി കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗം ടി വി ഹരിദാസൻ എന്നിവർ സംസാരിച്ചു. വി വി സജീന്ദ്രൻ സ്വാഗതവും ടി വി ബാലകൃഷ്ണൻ  നന്ദിയും പറഞ്ഞു. മൂർക്കനിക്കര യുവജന കലാസമിതി ചങ്ങമ്പുഴയുടെ വാഴക്കുല  കവിതയുടെ രംഗാവിഷ്കാരം അവതരിപ്പിച്ചു.  കർഷക പടപ്പാട്ടുകളും അരങ്ങേറി.
പ്രധാന വാർത്തകൾ
Top