21 June Thursday

ഒടുവിൽ മുതലുമില്ല പലിശയുമില്ല

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

 
സ്വന്തം ലേഖകൻ
തൃശൂർ > അടാട്ട് ഫാർമേഴ്സ് ബാങ്ക് ജില്ലാ ബാങ്കിൽനിന്ന് 9.25 ശതമാനം പലിശയ്‌ക്ക്‌ വായ്പയെടുത്ത് ഭരണസമിതിക്കു വേണ്ടപ്പെട്ട സ്ഥാപനത്തിന് ആറു കോടി വായ്പ നൽകിയത് 6 ശതമാനം പലിശയ്ക്ക്. ഒടുവിൽ മുതലുമില്ല, പലിശയുമില്ല. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് അടാട്ട് ഫാർമേഴ്സ് ബാങ്കിൽ അരങ്ങേറിയ തട്ടിപ്പുകളിൽ വിചിത്രമായ ഇത്തരം ഇടപാടുകൾ നിരവധി.  
യുഡിഎഫ് നേതാക്കൾ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകിയതുവഴി കോടികളുടെ നഷ്ടം അടാട്ട് ബാങ്കിനുണ്ടായതായി സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഇതേത്തുടർന്നാണ് ഇപ്പോൾ സസ്പെൻഷനിലുള്ള കോൺഗ്രസിലെ എം വി രാജേന്ദ്രൻ പ്രസിഡന്റായുള്ള ഭരണസമിതിക്ക് അധികാരത്തിൽനിന്നു പുറത്താക്കാതിരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. 
അത്താണിയിൽ കോൺഗ്രസുകാർ നിയന്ത്രിക്കുന്ന ജില്ലാ നെല്ല് വിപണന സംസ്കരണ സഹകരണ സംഘത്തിനാണ അടാട്ട് ഫാർമേഴ്സ് ബാങ്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആറ് ശതമാനം പലിശയ്ക്ക് ആറു കോടി രൂപ വായ്പ നൽകിയത്. 9.25 ശതമാനം പലിശ നിരക്കിൽ ജില്ലാ ബാങ്കിൽനിന്ന് വായ്പയെടുത്ത തുകയിൽനിന്നാണ് ഇത്രയും കുറഞ്ഞ നിരക്കിൽ മതിയായ ഈടില്ലാതെ നെല്ല് വിപണന സംഘത്തിന് നൽകിയത്. 2016 മാർച്ച് 30ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പത്തുക നാലു കോടിയായി കുറച്ചുകൊടുത്തു. എന്നിട്ടും തുകയൊന്നും തിരിച്ചടച്ചില്ല. അക്കാലത്ത് അടാട്ട് ബാങ്ക് മറ്റു സ്ഥാപനങ്ങൾക്ക് വായ്പ നൽകിയത് 11.5 മുതൽ 14 ശതമാനം പലിശയ്ക്കാണ്. ബാങ്ക് നിക്ഷേപം സ്വീകരിച്ചത് 6.5 മുതൽ 8.75 ശതമാനം പലിശനിരക്കിലാണ്. എന്നിട്ടും ആറ് ശതമാനം പലിശയ്ക്ക് കിട്ടാക്കടമായി ആറു കോടി നൽകിയത് സംസ്ഥാന ഭരണത്തിലെ ഉന്നതരുടെ സ്വാധീനംകൊണ്ടായിരുന്നു. 
ഇതിലും വലിയ നഷ്ടമാണ് കോൺഗ്രസുകാരുടെ നിയന്ത്രണത്തിലുള്ള തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് മതിയായ  ഈടില്ലാതെ 15 കോടി ഓവർ ഡ്രാഫ്റ്റായി നൽകിയതിലൂടെ ഉണ്ടായത്. അടാട്ട് ബാങ്കിന്റെ ഓവർഡ്രാഫ്റ്റ് പലിശ നിരക്ക് 13.5 ശതമാനമാണ്. എന്നാൽ പാഡി കമ്പനിക്ക് വായ്പ നൽകിയത് 10 ശതമാനം പലിശയ്ക്കാണ്. അടാട്ട് ബാങ്ക് 2017 ഏപ്രിലിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായതോടെ വായ്പ തിരിച്ചടയ്ക്കാൻ പാഡി കമ്പനിക്ക് നോട്ടീസ് അയച്ചപ്പോൾ അതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. വായ്പത്തുകയും പലിശയും 2017 സെപ്തംബർ 20 മുതൽ ആറു  തുല്യ ഗഡുക്കളായി അടയ്ക്കാനായിരുന്നു കോടതി വിധി. അതിനനുസരിച്ച് രണ്ടു ഗഡു മാത്രം പാഡി കമ്പനി അടച്ചു. ഇനി കിട്ടാനുള്ളത് എട്ടര ക്കോടിയിൽപ്പരം രൂപ. പലിശ കുറച്ചുകൊടുത്തതു വഴി ബാങ്കിന് 47 ലക്ഷം നഷ്ടം വന്നു. 
കോടതി ഉത്തരവ് ലംഘിച്ചതിന് പാഡി കമ്പനിക്കെതിരെ അടാട്ട് ബാങ്ക് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ  അന്വേഷണത്തിലാണ് അടാട്ട് ബാങ്കിന്റെ പ്രസിഡന്റ് എം വി രാജേന്ദ്രനും ഡയറക്ടർമാരായ രുദ്രൻ നമ്പൂതിരി, സി സി ഹനീഷ്, ടി ആർ ജയചന്ദ്രൻ എന്നിവർ പാഡി കമ്പനിയുടെയും ഡയറക്ടർമാരായിരുന്നതായി വ്യക്തമായത്. ഹൈക്കോടതിയിൽ കേസ് വന്നതോടെയാണ് ഇവർ കമ്പനി ഡയറക്ടർ സ്ഥാനം രാജിവച്ചത്. ബാങ്കിന്റെ ചട്ടം ലംഘിച്ച് എം വി രാജേന്ദ്രൻ പ്രസിഡന്റായിരുന്നപ്പോൾ പാഡി കമ്പനിയിൽ ബാങ്കിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ ഓഹരി എടുത്തതായും സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. യുഡിഎഫ് ഭരണസമിതി അടാട്ട് ബാങ്കിൽ നടത്തിയ കോടികളുടെ കൊള്ള മറച്ചുവയ്ക്കാനാണ് അക്കാലത്തെ സോഫ്റ്റ് വെയർപോലും മാറ്റിയത്. 
പ്രധാന വാർത്തകൾ
Top