15 October Monday

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് മന്ത്രിയുടെ സാന്ത്വനസ്പര്‍ശം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

# സാമൂഹ്യക്ഷേമവകുപ്പിന് കീഴിലുള്ള രാമവര്‍മപുരത്തെ വൃദ്ധമന്ദിരം സന്ദര്‍ശിച്ച മന്ത്രി എ സി മൊയ്തീന്‍ അന്തേവാസികളെ ആശ്വസിപ്പിക്കുന്നു

 

* സ്വന്തം ലേഖകന്‍
 
തൃശൂര്‍ > ജീവിതാനുഭവങ്ങളുടെ കണ്ണീര്‍ച്ചാല്‍ പങ്കിട്ട അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും മുന്നില്‍ മകനെപ്പോലെ മന്ത്രിയുടെ സാന്ത്വനസ്പര്‍ശം. 'നിങ്ങള്‍ എനിക്ക് അമ്മയാണ,് മകന്റെ സ്ഥാനത്ത് കണക്കാക്കി കാര്യങ്ങള്‍ തുറന്നുപറയാം' മന്ത്രി എ സി മൊയ്തീന്റെ വാക്കുകള്‍ രാമവര്‍മപുരം വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസമേകി. സാമൂഹ്യക്ഷേമവകുപ്പിന് കീഴിലുള്ള വൃദ്ധമന്ദിരത്തിനെതിരെ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.    
ഇപ്പോള്‍ വൃദ്ധമന്ദിരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അന്തേവാസികള്‍ പറഞ്ഞു. എന്നാല്‍ ജീവിതദുരിതങ്ങള്‍ പറഞ്ഞപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. വൃദ്ധമന്ദിരത്തില്‍ താമസവും  ഭക്ഷണവും ഉടുവസ്ത്രവും, എണ്ണയും മരുന്നും എല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന കുക്ക് റീന ഭക്ഷണം വേവിക്കാതെ നല്‍കിയതായി അന്തേവാസികള്‍ പരാതിപ്പെട്ടു. തെണ്ടിത്തിരിഞ്ഞ് വന്നവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും അവര്‍ പറഞ്ഞു. അവരെ സ്ഥലംമാറ്റിയല്ലോ.  ഇനി പ്രശ്നങ്ങളില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. കുക്കിനൊപ്പം സ്ഥലം മാറ്റിയ സൂപ്രണ്ട് വി ജെ ജയകുമാറിനെ തിരിച്ചുകൊണ്ടുവരണമെന്ന് അന്തേവാസികള്‍ അഭ്യര്‍ഥിച്ചു.  ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു. പുതിയ സൂപ്രണ്ട് ആര്‍  പ്രതാപ്കുമാറിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 
എഴുപതില്‍പ്പരം അന്തേവാസികളേയും മന്ത്രി നേരില്‍ക്കണ്ട്  കുശലാന്വേഷണം നടത്തി.  മൂന്നു പെണ്‍മക്കളുള്ള തനിക്ക് വീടില്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനി ഓമനയമ്മ പൊട്ടിക്കരഞ്ഞു. തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ അഗതിമന്ദിരത്തിലെത്തിക്കാന്‍ സൌകര്യമൊരുക്കണമെന്ന് വരവൂര്‍ സ്വദേശിനി കാര്‍ത്യായനി പറഞ്ഞു.  തന്റെ സഹോദരന്‍ വന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പൂങ്കുന്നം സ്വദേശിനി തങ്കം പറഞ്ഞു. നിങ്ങള്‍ നാടിന്റെ അമ്മമാരാണെന്നും ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ഒപ്പമുണ്ടായിരുന്ന കലക്ടറുടെ ചുമതലയുള്ള എഡിഎം സി വി സജന് മന്ദിരത്തിലെ വിഷയങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. 
അഗതിമന്ദിരത്തില്‍ ചെറിയ വ്യവസായ യൂണിറ്റ് തുടങ്ങാന്‍ സൌകര്യമൊരുക്കാമെന്ന് മന്ത്രി അറിയിച്ചു. അന്തേവാസികളുടെ പ്രായം കണക്കിലെടത്ത് തിരിനൂല്‍ പോലുള്ള ചെറിയ ഉല്‍പ്പന്നങ്ങള്‍ പരിഗണിക്കാം. ആവശ്യമായ കട്ടില്‍, വീല്‍ച്ചെയര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കും. മാനസികോല്ലാസത്തിന് കലാപരിപാടികളും മറ്റും സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൃദ്ധമന്ദിരത്തിനെതിരായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്തേവാസികളാരും ഇത്തരം വിഷയം പരാതിപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.   
ഇതിനിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  മന്ദിരത്തിലെ അന്തേവാസി വെള്ളാനിക്കര സ്വദേശിനി കാര്‍ത്യായനിയുടെ മൃതദേഹം മന്ദിരത്തില്‍ എത്തിച്ചു. എന്നാല്‍ സമയം വൈകിയതിനാല്‍ സംസ്കാരം നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതറിഞ്ഞ മന്ത്രി ഉടന്‍ പാറമേക്കാവ് ശാന്തിഘട്ട് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് സംസ്കാരത്തിന് സൌകര്യമൊരുക്കി. 
 ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാനും മന്ദിരം സന്ദര്‍ശിച്ചിരുന്നു.  വര്‍ഗീസ് കണ്ടംകുളത്തി, സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രന്‍, കൌണ്‍സിലര്‍മാരായ അഡ്വ. വി കെ സുരേഷ്കുമാര്‍, പി കൃഷ്ണന്‍കുട്ടി, അനൂപ് ഡേവിസ് കാട, അജിത വിജയന്‍, വില്‍വട്ടം സഹകരണബാങ്ക് പ്രസിഡന്റ് കെ മുരളീധരന്‍, എം ആര്‍ ഗിരീഷ്കുമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. 
 
 
 
 
പ്രധാന വാർത്തകൾ
Top