Top
18
Monday, December 2017
About UsE-Paper

ഓഖി: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെത്തി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 

നാട്ടിക > ഓഖി ചുഴറ്റിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ചേറ്റുവ ഹാര്‍ബറില്‍നിന്ന് തെരച്ചിലിനായി പുറപ്പെട്ട സംഘമാണ് കടലില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറില്‍ നിന്ന് 32 നോട്ടിക് മൈല്‍ ദൂരെ വ്യാഴാഴ്ച പകല്‍ 3.55നാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് രണ്ട് ഫൈബര്‍ വള്ളങ്ങളും കണ്ടെത്തി. ഹാര്‍ബറില്‍ നിന്ന് വ്യാഴാഴ്ച രണ്ട് ബോട്ടുകളിലായാണ് തെരച്ചില്‍ നടത്തിയത്. 
പൂന്തുറയില്‍ നിന്നുള്ള 21 പേരെ കടലില്‍ കാണാതായിരുന്നു. നാലു മൃതദേഹം നേരത്തെ കണ്ടെത്തി. പൂന്തുറയില്‍ നിന്നുള്ള 23 മത്സ്യത്തൊഴിലാളികള്‍ പ്രദേശവാസികളായ 17 പേരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനായി ചേറ്റുവ ഹാര്‍ബറില്‍ എത്തിയിരുന്നു. ഇവരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡും ഹാര്‍ബറിലെ തൊഴിലാളികളായ സി എസ് നാരായണന്‍, പ്രമോദ്, എന്‍ കെ ഹരിദാസ് എന്നിവരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. 
ആണ്ടവന്‍ അപ്പുമാര്‍, മുബാറക്ക് എന്നീ വള്ളങ്ങളിലാണ് തെരച്ചില്‍ സംഘം പുറപ്പെട്ടത്. തെരച്ചില്‍ തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണ് മൃതദേഹം കടലില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. മൃതദേഹം തിരിച്ചറിയാനാകാത്തവിധം അഴുകിയ നിലയിലാണ്. പൊലീസ് നടപടി പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള ഫൈബര്‍ വള്ളമാണ് കണ്ടെത്തിയതെന്ന് തെരച്ചിലിന് പോയ പൂന്തുറ സ്വദേശി അല്‍ഐസ പറഞ്ഞു.
 
Tags :
ഓഖി: