17 October Wednesday

സിപിഐ എം ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാന്‍ നാട്ടിക ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 

തൃശൂര്‍ > സിപിഐ എം ജില്ലാ സമ്മേളനം വന്‍ വിജയമാക്കാന്‍ സമരോത്സുകതയുടെ ചരിത്രമുറങ്ങുന്ന നാട്ടിക ഏരിയ ഒരുങ്ങുന്നു. തൃപ്രയാറില്‍  26, 27, 28 തീയതികളിലാണ് ജില്ലാ സമ്മേളനം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍,  വൈക്കം വിശ്വന്‍,  ഡോ. തോമസ് ഐസക്, പി കെ ഗുരുദാസന്‍, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബിജോണ്‍, കെ ജെ തോമസ് എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ റിപ്പബ്ളിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ഹൃദയരക്തം വീണു  ചുവന്ന നാട്ടിക മണപ്പുറത്ത് ഇതാദ്യമായാണ് സിപിഐ എം ജില്ലാ സമ്മേളനം ചേരുന്നത്. 
പ്രതിനിധി സമ്മേളനം സി ഒ പൌലോസ് മാസ്റ്റര്‍ നഗറിലും (ടിഎസ്ജിഎ സ്റ്റേഡിയം) പൊതുസമ്മേളനം കെ കെ മാമക്കുട്ടി ന റിലും (തൃപ്രയാര്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശം) ആണ് നടക്കുക. 25ന് രാവിലെ ദീപശിഖ, പതാക, കൊടിമര ജാഥകള്‍ ആരംഭിക്കും.  നാട്ടിക ഏരിയയിലെ 13 കേന്ദ്രങ്ങളില്‍നിന്നും അത്ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖ കൊണ്ടുവരും. കയ്പമംഗലത്തുനിന്ന് വരുന്ന കൊടിമര ജാഥയും ചേറ്റുവയില്‍നിന്ന് വരുന്ന പതാകജാഥയും തൃപ്രയാര്‍ തെക്കേ പെട്രോള്‍പമ്പ് പരിസരത്ത് സംഗമിക്കും. തുടര്‍ന്ന് പതാക, ദീപശിഖ, കൊടിമര ജാഥകള്‍ പൊതുസമ്മേളന നഗരിയായ തൃപ്രയാറിലെ കെ കെ മാമക്കുട്ടി നഗരിയിലെത്തും.  അന്നു വൈകിട്ട്  നാലുദിവസം തുടര്‍ച്ചയായി കത്തുന്ന ജ്വാല തെളിയിക്കും.  
സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 12 മുതല്‍ 14 വരെ കനോലി കനോലില്‍ ജലഘോഷയാത്ര നടത്തും. 15ന് 'സമൂഹത്തില്‍ സ്ത്രീ, ദളിത്, ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ചെന്ത്രാപ്പിന്നിയില്‍ സെമിനാര്‍ നടക്കും. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുധീഷ് മിന്നി സംസാരിക്കും.
പതിനേഴിന് പകല്‍ മൂന്നിന് വാടാനപ്പള്ളി സെന്ററില്‍ 50 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസില്‍ കലാകാരന്മാര്‍ ചിത്രം വരയ്ക്കും. 18ന് തളിക്കുളത്ത്, പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നിലപാടും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. കെ എന്‍ ഹരിലാല്‍, പി സെയ്താലിക്കുട്ടി എന്നിവര്‍ സംസാരിക്കും
മത്സ്യമേഖലയിലെ പ്രതിസന്ധികളും മത്സ്യത്തൊഴിലാളികളും എന്ന വിഷയത്തില്‍ 19 ന് വലപ്പാട്  നടക്കുന്ന സെമിനാറില്‍ ഡോ. കെ എസ് പുരുഷന്‍, എം ബാപ്പുട്ടി എന്നിവര്‍ സംസാരിക്കും. 20ന് നാട്ടികയില്‍ 'മൂലധനവും ഒക്ടോബര്‍ വിപ്ളവത്തിന്റെ പ്രസക്തിയും' എന്ന  സെമിനാര്‍ നടത്തും. 21ന് തൃത്തല്ലൂരില്‍ 'ബദല്‍ രാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയത്തില്‍ ഡോ. രാംകുമാര്‍, അഡ്വ. കെ എ വേണുഗോപാലന്‍ എന്നിവര്‍ സംസാരിക്കും.  
28ന് പൊതുസമ്മളനത്തിനു മുന്നോടിയായി പ്രകടനം, വളണ്ടിയര്‍ പരേഡ്, ബാന്‍ഡ് മേളം എന്നിവയുണ്ടാകും. വളണ്ടിയര്‍ പരേഡ്, ബാന്‍ഡ് എന്നിവ വലപ്പാട് ഗോഖലെ മൈതാനിയില്‍ കേന്ദ്രീകരിച്ച് ചന്തപ്പടി വഴി പൊതുസമ്മേളന നഗരിയിലെത്തും. ജനസഹസ്രം അണിനിരക്കുന്ന  പ്രകടനവുമുണ്ടാകും.   
പ്രധാന വാർത്തകൾ
Top