17 November Saturday

ക്രൈസ്തവ സഭകളുടെ സംഭാവന അഭിമാനകരം: രാഷ്ട്രപതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
തൃശൂർ  
വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹ്യ സേവന മേഖലകളിൽ ക്രൈസ്തവ സഭകളുടെ സംഭാവനയും പാരമ്പര്യവും രാജ്യത്തിന് അഭിമാനം പകരുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തൃശൂർ സെന്റ് തോമസ് കോളേജിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 
ഈ സഭയുടെ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ അധ്യാപകരും ഡോക്ടർമാരും നേഴ്സുമാരും ലോകമാകെയുണ്ട്. എത്യോപ്യൻ  സന്ദർശനത്തിനിടെ, അവിടെ അമ്പതു വർഷമായി ജോലി ചെയ്യുന്ന ഇന്ത്യക്കാരുണ്ടെന്ന് മനസ്സിലാക്കി. പലരും മലയാളികളുമാണ്. എത്യോപൻ ജനത ഇന്ത്യയുടെ ഈ സേവനത്തിൽ ഏറെ കൃതാർഥരാണ്. വിദ്യാഭ്യാസത്തിന്റെ യഥാർഥ മൂല്യം പരീക്ഷകളിലെ വിജയമോ ബിരുദം നേടലോ അല്ല. പാവപ്പെട്ടവരേയും സഹജീവകളേയും സഹായിക്കാനുള്ള മനസ്സുണ്ടാക്കലാണ്.  
തൃശൂർ സെന്റ് തോമസ് കോളേജിന്റെ മഹനീയ പാരമ്പര്യവും സംഭാവനകളും കേരളത്തിൽ മാത്രമല്ല, ഇന്ത്യയാകെ നിറഞ്ഞു നിൽക്കുന്നതാണ്. നൂറു വർഷം മുമ്പ് ചെറിയ വാടകക്കെട്ടിടത്തിൽ താമസിച്ച‌് ബിഷപ് ഡോ. അഡോൾഫ് മെഡലിക്കോട്ട്് താൻ സ്ഥാപിച്ച കോളേജ്, വിദ്യയുടെ വെളിച്ചം പകരുന്നതിൽ അഭിമാനം കൊണ്ടു. മഹാത്മാഗാന്ധി കോളേജ് സന്ദർശിച്ചപ്പോൾ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി കുട്ടികൾ 501 രൂപ സംഭാവന നൽകിയത് ചരിത്രത്തിന്റെ ഭാഗം. മുൻ രാഷ്ട്രപതിമാരായ നീലം സഞ്ജീവറെഡ്ഡി, എ പി ജെ അബ്ദുൾകലാം, പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവു, മദർ തെരേസ തുടങ്ങിയവർ കോളേജ് സന്ദർശിച്ചിട്ടുണ്ട്. 
സെന്റ് തോമസ് കോളേജ് കേരളത്തിന്റെയും ഇന്ത്യയുടെയും വിദ്യാഭ്യാസമേഖലയ‌്ക്കു നൽകിയ സംഭാവനകൾക്കുള്ള അംഗീകാരംകൂടിയാണ് പ്രഗത്ഭരുടെ സന്ദർശനം. 
രാജ്യത്ത് ഏറ്റവും അറിയപ്പെടുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിമാരായ  ഇ എം എസ് നമ്പൂതിരിപ്പാടും സി അച്യുതമേനോനും സെന്റ് തോമസിൽ പഠിച്ചവരാണ്. സി എം സ്റ്റീഫനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും സ്വാമി ചിന്മയാനന്ദ, ബിഷപ്പുമാരായ മാർ ജോർജ് ആലപ്പാട്, മാർ അപ്രേം തുടങ്ങി ആധ്യാത്മിക മേഖലയിലെ പ്രമുഖരും സെന്റ് തോമസിന്റെ വിദ്യാഭ്യാസ സംഭാവനകളാണ്. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന സെന്റ് തോമസ് കോളേജിന്റെ സന്ദേശ വാക്യം ഏറെ സമുചിതമാണ്. 
സെന്റ് തോമസ് അതിന്റെ കുലീനവും മഹത്തരവുമായ പാരമ്പര്യം ശക്തമായി തുടരണം. ഈ ശതാബ്ദിയാഘോഷം അടുത്ത നൂറ്റാണ്ടിലേക്കുള്ള കോളേജിന്റെ വിദ്യാമുന്നേറ്റത്തിന്റെ ശില പാകലാകട്ടെയെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top