14 November Wednesday

സാങ്കേതികവിദ്യയുടെ വായനസാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
തൃശൂർ
പൊതുവിദ്യാഭ്യാസവകുപ്പ്, ഇൻഫർമേഷൻ  ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവ സംഘടിപ്പിച്ച വായനപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ‌്ഘാടനം ചെയ‌്തു. 
സാങ്കേതികവിദ്യയുടെ വായനസാധ്യതകൾ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് മന്ത്രി  പറഞ്ഞു. വായനസംസ്കാരത്തിൽ ആധുനികവും സാമ്പ്രദായികവുമായ രീതിയുണ്ട്. ഇത് പരസ്പര പൂരകമാകണം. അതിനാൽ പുതിയ തലമുറ വായന പ്രചരിപ്പിക്കണം.  മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷനായി.   അക്ഷരവൈരികൾ ശക്തിപ്പെടുന്ന ഇക്കാലത്ത് വായനയിലൂടെ ശരിയായ ആശയങ്ങളും വാക്കുകളും പ്രത്യയശാസ്ത്രവും രൂപപ്പെടണമെന്ന‌് പറഞ്ഞു. യോഗത്തിൽ മികച്ച അധ്യാപകരെ വിദ്യാഭ്യാസ  മന്ത്രി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് മുരളി പെരുനെല്ലി എംഎൽഎ മികച്ച സ്കൂളുകളെ ആദരിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് ഡോ.  കെ വി കുഞ്ഞികൃഷ്ണൻ ഐ വി ദാസ് അനുസ്മരണം നടത്തി. 
കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സുനിൽ ലാലൂർ, പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ മോഹനൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ ആർ മല്ലിക, സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട‌് ഓഫീസർ ബിന്ദുപരമേശ്വരൻ എന്നിവർ സംസാരിച്ചു. കലക്ടർ ടി വി അനുപമ സ്വാഗതവും ഡോ. രതീഷ് കാളിയാടൻ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് കോർപറേഷൻ തല വായനമഹോത്സവം, സർഗശില്പശാല, കുട്ടികളുടെ കേരള സാഹിത്യ അക്കാദമി ലൈബ്രറി സന്ദർശനം, കുട്ടികളുമായി എഴുത്തുകാരുടെ സർഗസംവാദം, സർഗസദസ്സ‌് എന്നിവയും സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
Top