Top
18
Monday, December 2017
About UsE-Paper
ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

ഓഖി: പകര്‍ച്ച വ്യാധി കരുതിയിരിക്കുക

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

  തൃശൂര്‍ > ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരങ്ങളിലേക്ക് വന്‍തോതില്‍ പ്ളാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ അടിഞ്ഞു കൂടിയിട്ടുള്ളതിനാല്‍ ഇനിയൊരു മഴ പെയ്താല്‍ വെള്ളം കെട്ടിനിന്ന് ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി മുതലായവ വരുന്നതിന് സാധ്യതയുണ്ട്. സെപ്റ്റിക് ടാങ്കുകളില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിയിട്ടുള്ളതിനാല്‍ വയറിളക്കം, കോളറ, ടൈഫോയ്ഡ് മുതലായ അസുഖങ്ങള്‍ക്കും സാധ്യതയുണ്ട്.  പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഒഴിവാക്കുന്നതിനായി തദ്ദേശവാസികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത അറിയിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, തണുത്തതും, പഴകിയതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക, ഭക്ഷണത്തിനു മുമ്പും, ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക, കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ മുറിവ് കഴുകി വൃത്തിയാക്കുക, പനിയോ, മറ്റേതെങ്കിലും രോഗ ലക്ഷണങ്ങളോ കാണുകയാണെങ്കില്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയോ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുകയോ ചെയ്യുക എന്നീ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏങ്ങണ്ടിയൂര്‍, എറിയാട് പ്രദേശങ്ങളിലായി നാലെണ്ണം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 
എറിയാട് മേഖലയില്‍ മൂന്നും ഏങ്ങണ്ടിയൂരില്‍ ഒരു സ്കൂളിലുമായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ അന്തേവാസികളുള്ളത് എറിയാട് എഎംഐയുപി സ്കൂളിലാണ്. ഇവിടെ എഴുപതോളം കുടുംബങ്ങളും 400ലധികം ആളുകളും താമസിക്കുന്നു. എല്ലാ ക്യാമ്പുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്നുണ്ട്.  ക്യാമ്പുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.