Top
15
Friday, December 2017
About UsE-Paper

വിരുപ്പാക്ക മില്ലിന് 30 കോടി; നവീകരണത്തിന് ഒരുങ്ങുന്നു

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > വിരുപ്പാക്ക സ്പിന്നിങ് മില്ലിന്റെ (തൃശൂര്‍ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍) പുനഃരുദ്ധാരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. വ്യവസായ വകുപ്പിന്റെ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ്സ് സൊസൈറ്റിക്കു കീഴിലാണ് മില്ല് പ്രവര്‍ത്തിക്കുന്നത്. മില്ല് പൂര്‍ണമായി ആധുനികവല്‍ക്കരിച്ച് പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്‍ നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (എന്‍സിഡിസി) ആണ് 30 കോടി രൂപ അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഓണക്കാലത്ത് മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും നല്‍കിയിരുന്നു. മന്ത്രി എ സി മൊയ്തീന്‍ മുന്‍കൈ എടുത്താണ് മില്ല് ആധുനിക യന്ത്രസാമഗ്രികളോടെ നവീകരിക്കാന്‍ നടപടിയായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും ലേഓഫ് പ്രഖ്യാപിച്ച് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ മില്ലാണിത്. 
ഇപ്പോള്‍ അനുവദിച്ച 30 കോടി രൂപ പൂര്‍ണമായി മില്ലിന്റെ ആധുനികവല്‍ക്കരണത്തിന് വിനിയോഗിക്കാനുള്ള നടപടി തുടങ്ങി. പഴയ യന്ത്രങ്ങള്‍ മാറ്റി ആധുനിക യന്ത്രങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു കോടിയില്‍പ്പരം രൂപ ചെലവു വരുന്ന പുതിയ നിര്‍മാണ പ്രവൃത്തി അടുത്തആഴ്ച തുടങ്ങും. 17,000 സ്പിന്റല്‍ നൂല്‍ ഉല്‍പ്പാദനശേഷിയുള്ള മില്ലില്‍ നിലവില്‍ ഉല്‍പ്പാദനം 7,000 സ്പിന്റല്‍ മാത്രമാണ്. ആധുനികവല്‍ക്കരണത്തിലൂടെ ഉല്‍പ്പാദനം 24,000 സ്പിന്റല്‍ ആക്കുകയാണ് ലക്ഷ്യം. മൂന്ന് ഷിഫ്റ്റിലായി 400 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഫൈബര്‍ നൂലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫൈബര്‍ നൂലിന് ഡിമാന്റും വിപണിയും താരതമ്യേന കുറവാണ്. പുതിയ യന്ത്രങ്ങളോടെ ആധുനികവല്‍ക്കരിക്കുമ്പോള്‍ ഡിമാന്‍ഡുള്ള കോട്ടന്‍ നൂലുകളും ഉല്‍പ്പാദിപ്പിക്കാനാകും. അതോടൊപ്പം ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാനും സംവിധാനമൊരുക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മില്ലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് ചെയര്‍മാന്‍ എം കെ കണ്ണന്‍ 'ദേശാഭിമാനി'യോടു പറഞ്ഞു. ആധുനികവല്‍ക്കരണത്തിലൂടെ മില്ലില്‍ പ്രത്യക്ഷമായും പരോക്ഷമായും കൂടുതല്‍ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. 
198082ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് സ്പിന്നിങ്മില്‍ തുടങ്ങാനുള്ള സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ കാലവിളംബം വരുത്തി. 1986ലണ് മില്‍ കമീഷന്‍ ചെയ്തത്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രം കാര്യക്ഷമമായി പ്രവര്‍ത്തിച്ച മില്ലിനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചു. വന്‍ അഴിമതിയും യുഡിഎഫ് ഭരണത്തിലുണ്ടായി. വൈദ്യുതി കുടിശ്ശിക ഏഴുകോടിയും പിഫ് കുടിശ്ശിക എട്ടുകോടിയും ഇഎസ്ഐ, വെല്‍ഫെയര്‍ഫണ്ട്, ബാങ്ക് വായ്പ തുടങ്ങിയവയിലായി കോടികളുടെ വന്‍ കുടിശ്ശികയും വരുത്തി. വിരമിച്ച 56 ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിയും കൊടുക്കാനുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച പണംകൊണ്ട് ഈ  ബാധ്യതകളെല്ലാം അടച്ചുവീട്ടിക്കൊണ്ടിരിക്കുന്നു. ഓണത്തിന് ജീവനക്കാര്‍ക്ക് ബോണസും നല്‍കി. പ്രതിമാസം 4050 ലക്ഷം നഷ്ടത്തിലാണ് മില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ആധുനികവല്‍ക്കരണത്തിലുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് മില്ല് ലാഭകരമാക്കാനാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.