17 November Saturday

കുറാഞ്ചേരിയിൽ മോഹനൻ ഇല്ല ; അവശേഷിപ്പിച്ച സ്വപ്‌നങ്ങൾക്ക് നൂറുമേനി വിളവ്

ടി എൻ കേശവൻUpdated: Thursday Sep 6, 2018

കന്നുകുഴിയിൽ മോഹനന്റെ സുഹൃത്തുക്കൾ കൃഷിയിടത്തിൽ

തൃശൂർ>കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭാര്യയും രണ്ടു മക്കളോടൊപ്പം ജീവൻ പൊലിഞ്ഞ കന്നുകുഴിയിൽ മോഹനന്റെ കാർഷിക സ്വപ്നങ്ങൾക്ക് നൂറ് മേനി വിളവ്. മോഹനൻ ഓർമയായെങ്കിലും മികച്ച കർഷകനായിരുന്ന അദ്ദേഹത്തിന്റെ സ്മരണകളിരമ്പുന്നതായിരുന്നു അഞ്ചേക്കർ സ്ഥലത്തെ വിളവെടുപ്പ്. 
 
കുറാഞ്ചേരിക്കു സമീപം സംസ്ഥാന പാതയോരത്ത്എറണാകുളം കലൂർ സ്വദേശി എറാട്ട് പറമ്പിൽ അബ്ദുള്ളക്കുട്ടിയുടെ അഞ്ച് ഏക്കർ സ്ഥലത്തെ,റംബൂട്ടാൻ കൃഷിയിടത്തിൽ ഇടവിളയായാണ് വർഷങ്ങളായി മോഹനനും  മറ്റ് മൂന്ന് സഹപ്രവർത്തകരും ചേർന്ന് പച്ചക്കറി കൃഷി നടത്തിയിരുന്നത്.  മിണാലൂർ  വെട്ടുകാട്ട് കളത്തിൽ ഷാജി (40), പാർളിക്കാട് ചേനോത്ത് ജോസ് (55), നായരങ്ങാടി കാവുങ്കൽ സുനിൽ (42) എന്നിവരാണ് മറ്റ് സഹകർഷകർ. കുറാഞ്ചേരിയിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന മോഹനൻ ചെറുപ്പം മുതലേ കാർഷികവൃത്തിയിലും  സജീവമായിരുന്നു. അതു കൊണ്ടു തന്നെ മോഹനന്റെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയിരുന്നത്.
 
മത്തൻ, കുമ്പളം, കയ്പ, പാവൽ, വെണ്ട , കൊള്ളി, ചീര, എന്നിവയാണ് കൃഷി ചെയ്തത്. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് ഏറ്റവും മികച്ച വിത്തുകൾ ശേഖരിച്ചിരുന്നത്. കഴിഞ്ഞ വർഷം കടുത്ത വേനൽ ചതിച്ചപ്പോൾ അരലക്ഷം രൂപയുടെ നഷ്ടം നേരിട്ടു ഈ സംഘത്തിന്.എങ്കിലും കാർഷിക രംഗത്ത് ഉറച്ച് നിൽക്കാൻ മോഹനനാണ് ഇവർക്ക് കരുത്തേകിയത്  ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്നആഹ്ലാദത്തിലായിരുന്നു മോഹനനും സംഘവും. 
ഓണവിപണി ലക്ഷ്യമിട്ട് ടൺ കണക്കിന് പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറെടുത്ത് നിൽക്കുമ്പോഴാണ്   ദുരന്തം മോഹനനെ തട്ടിയെടുത്തത്.
 
കൃഷി വിളവെടുപ്പിനു പാകമായെങ്കിലും മോഹനനില്ലാതെ തോട്ടത്തിലേയ്ക്ക് പോകാൻ കൂട്ടുകാർ തയ്യാറായില്ല.  ഒടുവിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും  ജനപ്രതിനിധികളും നാട്ടുകാരും സ്നേഹപൂർവം  നിർബന്ധിച്ചാണ‌്  വിളവെടുപ്പ് നടത്തിയത‌്.
പ്രധാന വാർത്തകൾ
Top