19 September Wednesday
പ്രതിരോധ പ്രവർത്തനം ഊർജിതം

എലിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018
തൃശൂർ
ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു. ബധുനാഴ‌്ചയും ചൊവ്വാഴ‌്ചയും ഒരു എലിപ്പനി ബാധയാണ് റിപ്പോർട്ട് ചെയ‌്തത്. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും കുടിവെള്ള സ്രോതസ്സുകളിലും പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തി രോഗങ്ങൾ വരുന്നത് തടയുന്നതിനുമായി ആരോഗ്യ  വകുപ്പ് നേരത്തെ ആരംഭിച്ച  കർമപദ്ധതി ഊർജിതമാക്കി. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ  മാലിന്യ നിർമാർജനത്തിനും ജല﹣ കൊതുകു ജന്യ രോഗങ്ങൾ തടയുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ  വിലയിരുത്തുന്നുണ്ട‌്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ പ്രവർത്തനം ലക്ഷ്യം കാണുന്നതിന്റെ തെളിവാണ‌് എലിപ്പനി ബാധിതരുടെ എണ്ണത്തിലെ കുറവ‌്. 
പനി ബാധിച്ച് ബുധനാഴ്ച 1337 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. എലിപ്പനിയെക്കുറിച്ച് ബോധവൽക്കരണം താഴെത്തട്ടിൽ എത്തിയതിന്റെ  ഫലമായി തുടക്കത്തിൽ തന്നെ ചികിത്സതേടി ധാരാളംപേർ  മുന്നോട്ട് വന്നുതുടങ്ങിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 47 മെഡിക്കൽക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തെത്തുടർന്ന് പലയിടങ്ങളിലായി പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും 23 പേർക്കുമാത്രമാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. 
എലിപ്പനിയുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ടെങ്കിലും  മലിനജലവുമായി സമ്പർക്കം പുലർത്തുന്നവർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിനുശേഷം പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ഗുളിക 200  മി.ഗ്രാം വീതം കഴിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ഏതു പനിയും എലിപ്പനിയാവാൻ സാധ്യതയുണ്ട്. എലി, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് പ്രധാനമായും എലിപ്പനി പകരുന്നത്. കടുത്ത പനി, ഛർദി, വയറിളക്കം, സന്ധി വേദന, കണ്ണിനു ചുറ്റും ചുവപ്പ്, മഞ്ഞ നിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
പ്രധാന വാർത്തകൾ
Top