19 November Monday
കിസാൻസഭ ജയിൽനിറയ്ക്കൽ സമരം

കർഷകസംഘം ജാഥയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കർഷക സംഘം ജില്ലാ സമര പ്രചാരണ ജാഥ കൊരട്ടിയിൽ സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണൻ ജില്ലാ സെക്രട്ടറി പി കെ ഡേവിസിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു

 
തൃശൂർ
കിസാൻസഭ നേതൃത്വത്തിൽ  പാർലമെന്റിന് മുന്നിൽ ഒമ്പതുവരെ സംഘടിപ്പിക്കുന്ന കുത്തിയിരിപ്പ്, ജയിൽനിറയ്ക്കൽ സമര പ്രചാരണത്തിന്റെ ഭാഗമായി കർഷകസംഘം ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്ക് തുടക്കമായി. വാഹനജാഥ ഞായറാഴ്ച വൈകിട്ട് കൊരട്ടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ജോജി അധ്യക്ഷനായി. 
ജാഥാ ക്യാപ്റ്റൻ പി കെ ഡേവിസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളി പെരുനെല്ലി എംഎൽഎ, എം എം അവറാച്ചൻ, ബി ഡി ദേവസി എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ടി എ ജോണി എന്നിവർ സംസാരിച്ചു. എൻ ജെ ബെന്നി സ്വാഗതവും ബാബു ജോസഫ് നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ എ എസ് കുട്ടി വൈസ് ക്യാപ്റ്റനും പി ആർ വർഗീസ് മാനേജരുമാണ്. എം എം അവറാച്ചൻ, സെബി ജോസഫ് പെല്ലിശേരി, പി വി രവീന്ദ്രൻ എന്നിവർ ജാഥാ സ്ഥിരാംഗങ്ങളുമാണ്. 
 തിങ്കളാഴ്ച രാവിലെ 9.30ന് വെട്ടുകാട്ടുനിന്ന് പര്യടനം തുടങ്ങും. 10.15 പുതുക്കാട്, 11ന് മാള, 11.45ന് മതിലകം, 2.30ന് വാടാനപ്പള്ളി, 3.15ന് കാഞ്ഞാണി, 4ന് ചേർപ്പ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം ആദ്യദിവസത്തെ പര്യടനം ഇരിങ്ങാലക്കുടയിൽ സമാപിക്കും. രണ്ടുദിവസമായി ജില്ലയിൽ  പര്യടനം നടത്തുന്ന ജാഥ ചൊവ്വാഴ്ച രാവിലെ ചേലക്കരയിൽനിന്ന് ആരംഭിച്ച് വൈകിട്ട് തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ സമാപിക്കും. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ ഉദ്ഘാടനം ചെയ്യും. 
കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുക, സബ്സിഡി നിലനിർത്തുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, പെട്രോൾ‐ ഡീസൽ വിലവർധന പിൻവലിക്കുക, കാർഷിക കടാശ്വാസ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ പാർലമെന്റിന് മുന്നിൽ കിസാൻസഭ  ആഗസ്ത‌്  ഒമ്പതുവരെയാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആഗസ്ത‌് ഒമ്പതിന് രാജ്യവ്യാപകമായി കർഷകർ ജയിൽ നിറയ്ക്കൽ സമരവും നടത്തും. തൃശൂരിൽ ജില്ലാ കേന്ദ്രത്തിലാണ് സമരം. തൃശൂരിൽ സ്പീഡ് പോസ്റ്റോഫീസിനുമുന്നിൽ കർഷകരുടെ രോഷപ്രകടനവും തെക്കേഗോപുരനടയിൽ രാത്രി എട്ടുവരെ കുത്തിയിരിപ്പ് സമരവും നടത്തും. സമരം സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top