18 November Sunday
ദേശാഭിമാനി വാർത്ത തുണയായി

നിർധന കുടുംബത്തിന് ഡിവൈഎഫ്ഐ പ്രവർത്തകർ വീടൊരുക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
 
അരിമ്പൂർ 
പഞ്ചായത്തിലെ മൂന്നാം വാർഡിൽ താമസിക്കുന്ന കോൺഗ്രസ് അനുഭാവിയായ കടലാശേരി സഹജന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ പ്രവർത്തകർ വീടൊരുക്കും. കഴുത്തിൽ ക്യാൻസർ പിടിപെട്ടതിനാൽ ഓപ്പറേഷൻ കഴിഞ്ഞ‌് ചികിത്സയിലാണ്‌.  ഇവരുടെ ദുരിതജീവിതത്തെക്കുറിച്ച് ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ താമസ യോഗ്യമല്ലാത്ത ഇവരുടെ വീട് ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കി അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ തീരുമാനിച്ചു. മേൽക്കൂര ദ്രവിച്ച ഓട് വീടിന്റെ മേൽക്കൂര പൂർണമായും മാറ്റി.  
കുത്തിപ്പൊളിഞ്ഞ് കിടക്കുന്ന വീടിന്റെ അടിഭാഗം ടൈൽ വിരിച്ച് വൃത്തിയാക്കും. ചുമരുകൾ തേച്ച് വെള്ളയടിക്കും. മഴ മാറുന്നതോടെ ഇതിന്റെ ജോലി ആരംഭിക്കും. സഹജന്റെ ഭാര്യ കനകലതക്ക് ദിവസക്കൂലിയായി കിട്ടുന്ന 70 രൂപയും അവരുടെ അമ്മ തങ്ക അമ്മൂമ്മക്ക് കിട്ടുന്ന സർക്കാരിന്റെ ക്ഷേമ പെൻഷനും മാത്രമാണ് ഈ കുടുംബത്തിന്റെ ജീവൻ നിലനിർത്തുന്ന  വരുമാനമാർഗം. കനകലതയെയും രോഗങ്ങൾ വലക്കുന്നുണ്ട്‌.  സഹജന്റെ ദയനീയാവസ്ഥ ‘ദേശാഭിമാനി’യിലൂടെ  പുറത്ത് വന്നതോടെയാണ്  ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സി ജി സജീഷിന്റെ നേതൃത്വത്തിൽ ഇടപെടൽ ഉണ്ടായത്. നിർമാണ രംഗങ്ങളിലുള്ള പ്രവർത്തകരുടെ സഹകരണത്തോടെ മഴയൊഴിയുന്നതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ നേരിട്ടെത്തിയാണ് വീടിന്റെ  പണി നടത്തുക. പരമ്പരാഗതമായി ഈ കുടുംബം കോൺഗ്രസ് രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഇവരുടെ ദൈന്യ ജീവിതം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് രാഷ്ട്രീയം നോക്കാതെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top