15 November Thursday

ജില്ലയിൽ 6 പേർക്ക‌് കൂടി എലിപ്പനി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തൃശൂർ
ജില്ലയിൽ  ആറുപേർക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു. പാഞ്ഞാളിൽ നിന്ന‌് രണ്ടും കൊടുങ്ങല്ലൂർ, എടവിലങ്ങ്, ചാവക്കാട്, അളഗപ്പനഗർ എന്നിവിടങ്ങളിൽ നിന്നും ഒാരോന്നും റിപ്പോർട്ട് ചെയ്തു. ഇതോടെ ആഗസ്റ്റ് 15ന് ശേഷം 21 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.  ഇൗ വർഷം   46 പേർക്ക‌് എലിപ്പനി ബാധിച്ചിട്ടുണ്ട‌്.  ആകെ ഏഴുപേർ മരിച്ചു. ഇതിൽ രണ്ടുമരണം പ്രളയ ശേഷമാണ്.  
പനി  ചികിത്സ തേടിയതിൽ 1320ൽ 29 പേർ പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. 281 വയറിളക്ക കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേരെ കിടത്തി ചികിത്സിച്ചു. എട്ടുപേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. പനി ലക്ഷണം കാണുന്നവർ എലിപ്പനി പ്രതിരോധഗുളിക ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പ്രളയത്തിനുശേഷം വ്യാപകമായി വരാൻ സാധ്യതയുളള മാരകരോഗമാണ് എലിപ്പനി. മലിനജലവുമായി സമ്പർക്കം വേണ്ടിവന്ന ദുരന്തബാധിതർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം കൃത്യമായി ജാഗ്രത പാലിക്കണം.
 എലിപ്പനി ബാധിത മേഖലയിൽ കൂടുതൽ ജാഗ്രതാനിർദേശം ആരോഗ്യവകുപ്പ് നൽകി.    ഹെൽത്ത് സെന്ററുകളിൽ അടക്കം  കൂടുതൽ ആരോഗ്യസംഘത്തെ വിന്യസിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ഡോക്ടറും നേഴ്സും അടങ്ങുന്ന കൂടുതൽ സംഘത്തെ നിയമിക്കും.   പ്രത്യേക സാഹചര്യം നേരിടുന്നതിനായി ഒരുമാസത്തേക്ക‌്  ജീവനക്കാരെ താൽക്കാലികമായി നിയമിക്കും.  സ്വയം ചികത്സ ഒഴിവാക്കണമെന്നും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ വിവരം നൽണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കൊതുകു സാന്ദ്രത വിലയിരുത്തുന്നതിനായി ചെന്നൈയിൽ നിന്നും എൻറമോളജി സംഘം സന്ദർശിച്ച് വിശകലനം ചെയ്യുന്നുണ്ട്. എലിപ്പനി പരിശോധനക്കായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. പരിശോധനക്കായി ഡിഎംഒ ഓഫീസിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top