16 July Monday

അരിച്ചുട്ടിയില്‍ ചമയ വിസ്മയമൊരുക്കി കലാനിലയം ഹരിദാസ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ഇരിങ്ങാലക്കുട > കൂടിയാട്ടം ചുട്ടിയില്‍ അരിച്ചുട്ടി മാറി പേപ്പര്‍ച്ചുട്ടി വന്നിട്ട് 50 വര്‍ഷത്തിലധികമായെങ്കിലും ചില കൂടിയാട്ടത്തിലെ കഥാപാത്രങ്ങള്‍ക്ക് ഇപ്പോഴും തന്റേതായ ശൈലിയില്‍ അരിച്ചുട്ടി കുത്തി ചമയ വിസ്മയമൊരുക്കുകയാണ് അമ്മന്നൂര്‍ ഗുരുകുലത്തിലെ ചുട്ടി കലാകാരന്‍ കലാനിലയം ഹരിദാസ്. അമ്മന്നൂര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  നടന്നുവരുന്ന കൂടിയാട്ട മഹോത്സവത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഊരുഭംഗം കൂടിയാട്ടത്തിലെ ദുര്യോധനന്റെ വേഷത്തിന് ദൃശ്യ മിഴിവേകി അരിച്ചുട്ടി കുത്തിയത് ഹരിദാസാണ്.

അരിച്ചുട്ടി കളിക്കിടയില്‍ പൊട്ടിപ്പോകാനും അടരാനും സാധ്യതയുണ്ടെങ്കിലും കഥാ സന്ദര്‍ഭത്തിന് ഇത് അനുയോജ്യമാകും എന്നാണ് ഹരിദാസ് പറയുന്നത്. ഊരുഭംഗം കൂടിയാട്ടത്തിലെ ദുര്യോധനനെ വ്യത്യസ്തനാക്കാനും തനിമ നിലനിര്‍ത്താനുമാണ് 50 വര്‍ഷത്തിനുശേഷം അരിച്ചുട്ടി കുത്തിയതെന്ന് ഹരിദാസ് പറഞ്ഞു. പേപ്പര്‍ച്ചുട്ടി ഒരുക്കാന്‍ ഒരുമണിക്കൂര്‍ മതിയെങ്കില്‍ അരിച്ചുട്ടി കുത്താന്‍ ഇരട്ടി സമയം വേണ്ടിവരും. ദുര്യോധനനായി സൂരജ് നമ്പ്യാരാണ് വേഷമിട്ടത്. അരിച്ചുട്ടിക്ക് കൂടിയാട്ടത്തിന്റെ ശൈലിക്കനുയോജ്യമായ ഒതുക്കവും മനോഹാരിതയുമുണ്ടെന്ന് കൂടിയാട്ട ആസ്വാദകര്‍ വിലയിരുത്തുന്നു.
ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ വിദേശ വേദികളില്‍ ഊരുഭംഗം കൂടിയാട്ടം അവതരിപ്പിച്ചപ്പോഴും അരിച്ചുട്ടിയിലെ ഹരിദാസിന്റെ വിരല്‍ത്തുമ്പിലെ ചമയ വൈഭവം അരങ്ങില്‍ തെളിഞ്ഞിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പെന്‍സില്‍ ഡ്രോയിങ്ങിലും കളറിങ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയ ഹരിദാസ്  1994ലാണ് ചുട്ടിപഠിക്കാന്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ ചേര്‍ന്നത്. ചുട്ടി അധ്യാപകനായ കലാനിലയം പരമേശ്വരന്റെ കീഴില്‍ മൂന്നുകൊല്ലത്തെ പഠനത്തിനുശേഷം കഥകളി കോപ്പ് പണിക്ക് സഹായിയായി. തുടര്‍ന്ന് ശില്‍പ്പി ഗുരുവായൂര്‍ ജനാര്‍ദനന്റെ കീഴില്‍ കൃഷ്ണനാട്ടത്തിന്റെ കോപ്പ് പണിയിലും സജീവമായി. തുടര്‍ന്ന് ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലും നടനകൈരളിയിലും കൂടിയാട്ടത്തിന്റെ ചുട്ടി സഹായിയായി. ഇപ്പോള്‍ കൂടിയാട്ട വേദിയിലുള്ള ഒട്ടേറെ കലാകാരന്മാരുടെയും മുഖത്തെഴുത്ത് ഹരിദാസ് നിര്‍വഹിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top