Top
21
Thursday, September 2017
About UsE-Paper

ജില്ലയില്‍ പെന്‍ഷന്‍, ശമ്പളവിതരണം ഭാഗികം

Wednesday Jan 4, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > കാത്തിരിപ്പിനൊടുവില്‍ പെന്‍ഷന്‍, ശമ്പളവിതരണം നടത്തിയെങ്കിലും പണം തികയാഞ്ഞതിനാല്‍ പലയിടത്തും വിതരണം ഭാഗികമായി മുടങ്ങി. ആവശ്യമായ പണം ട്രഷറികളില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനായില്ല. ജനുവരിയിലെ ആദ്യ പെന്‍ഷന്‍ വിതരണദിനമെന്നനിലയില്‍ തൃശൂര്‍ ട്രഷറിജില്ല ആവശ്യപ്പെട്ടത് 15.75 കോടി രൂപയാണ്. എന്നാല്‍, ലഭിച്ചത് 8.5 കോടി. തൃശൂര്‍ സബ്ട്രഷറി പെന്‍ഷന്‍ വിതരണത്തിന് ആവശ്യപ്പെട്ടത് മൂന്നുകോടി. ലഭിച്ചത് 1.5കോടി. തലപ്പിള്ളി സബ്ട്രഷറി അഞ്ചുകോടിആവശ്യപ്പെട്ടപ്പോള്‍, ഒരു കോടി രൂപ മാത്രം ലഭിച്ചു. ഇരിങ്ങാലക്കുട ട്രഷറിജില്ലയിലും മതിയായ പണം എത്തിയില്ല. ഇതുമൂലം സബ് ട്രഷറികളില്‍ പെന്‍ഷന്‍ പൂര്‍ണമായി നല്‍കാനായില്ല. 
പെന്‍ഷന്‍കാര്‍ പണം വാങ്ങാന്‍ ചൊവ്വാഴ്ച പുലര്‍ച്ചേതന്നെ ട്രഷറികള്‍ക്കുമുന്നില്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് ഇവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭിച്ചത്. രണ്ടുദിവസത്തെ മുടക്കിനുശേഷം, ആദ്യദിനമെന്നനിലയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ഓഫീസുകള്‍ക്ക് കൂട്ടമായി പെന്‍ഷന്‍കാര്‍ എത്തിയിരുന്നു. തിരക്കേറിയതോടെ പലയിടത്തും പൂര്‍ണമായി പെന്‍ഷന്‍ വിതരണം നടത്താനാകാഞ്ഞതിനാല്‍, അടുത്ത ദിവസത്തേക്ക് മാറ്റി. 
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം അതതു ബാങ്ക് അക്കൌണ്ടുകളില്‍ വന്നെങ്കിലും, പണം പിന്‍വലിക്കലിന് നിയന്ത്രണമുള്ളതിനാല്‍ അധികം പേര്‍ക്കും പൂര്‍ണമായി പണം എടുക്കാനായില്ല. ആഴ്ചയില്‍ ഒരിക്കല്‍ 24,000 രൂപ പിന്‍വലിക്കാനുള്ള അവസാനദിവസം ബുധനാഴ്ചയാണ്. ഈ മാസം ആദ്യമായി 24,000 പിന്‍വലിക്കേണ്ടത് വ്യാഴാഴ്ച മുതലായതിനാല്‍, അന്നേദിവസം പെന്‍ഷനും ശമ്പളവും അടക്കമുള്ള മുഴുവന്‍ ആവശ്യങ്ങള്‍ക്കും പണം പിന്‍വലിക്കാന്‍ ജനം കൂട്ടമായി എത്തും. ഇതിനാല്‍ ബാങ്കുകളിലും ട്രഷറികളിലും വന്‍തിരക്കിനിടയാക്കും. ആവശ്യത്തിന് പണം റിസര്‍വ് ബാങ്കില്‍നിന്ന് വിതരണത്തിന് ലഭിക്കാതാകുന്നതോടെ, കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും. 
പെന്‍ഷന്‍ പൂര്‍ണമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലയില്‍ വ്യാപകമായി പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തൃശൂര്‍ സബ് ട്രഷറിക്കുമുന്നില്‍ പെന്‍ഷന്‍കാര്‍ പ്രകടനം നടത്തി. പൊതുയോഗം വി വി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. വി കെ നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. ടി എന്‍ വിജയാദേവി, കെ ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.