20 September Thursday
ഭക്ഷണത്തിന്റെ ഗുണമേന്മ ഇടിഞ്ഞു

ഇന്ത്യൻ കോഫീഹൗസുകൾ തകർച്ചയിലേക്ക്

സ്വന്തം ലേഖകൻUpdated: Friday Aug 3, 2018

   

 തൃശൂർ
കാലങ്ങളായി ജനമനസ്സുകളിൽ ഇടംപിടിച്ച ഇന്ത്യൻ കോഫീഹൗസുകൾ, ഭരണസമിതിയുടെ പിടിപ്പുകേടുമൂലം തകർച്ചയുടെ വക്കിൽ. തൃശൂർമുതൽ തെക്കോട്ടുള്ള ഇന്ത്യൻ കോഫീ ഹൗസുകളാണ‌് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത‌്‌.   ഭക്ഷ്യയോഗ്യമല്ലാതെ ആഹാരസാധനങ്ങൾ കൊടുക്കുന്നതിനാൽ അടച്ചുപൂട്ടേണ്ടിവരുന്നതും അധികൃതരുടെ കാര്യക്ഷമതയില്ലായ‌്മയുമാണ‌് വെളിവാക്കുന്നത‌്. കഴിഞ്ഞ വർഷത്തേക്കാൾ, ഈ വർഷം എട്ടുകോടിയുടെ വ്യാപാരക്കുറവാണ് തെക്കൻ ജില്ലകളിലെ കോഫീഹൗസുകളിൽ. 
അഴിമതിയും ധൂർത്തും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അഡ്മിനിസ്ട്രേറ്റർ ഏറ്റെടുക്കാൻ ഉത്തരവിട്ടെങ്കിലും  ക്രിമിനലുകളെയടക്കം രംഗത്തിറക്കി ബിജെപി, കോൺഗ്രസ് കൂട്ടുകെട്ട് സംഘത്തിന്റെ ഭരണം ഏറ്റെടുക്കാൻ അനുവദിച്ചിരുന്നില്ല. കോടതിയുടെ നിർദേശത്തെത്തുടർന്ന് 2017 ഏപ്രിലിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുത്ത് കോഫീഹൗസുകളുടെ പ്രവർത്തനം സുതാര്യമാക്കുകയും കോഫീഹൗസുകൾ ലാഭത്തിലാക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്ട്രേറ്റർ ഭരണഘട്ടത്തിൽ വ്യാപാരത്തിൽ 2.4കോടിയുടെ വർധനയുണ്ടായി. ലാഭം 1.32 കോടിയായി ഉയരുകയും ചെയ്തു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ പണവും അവിഹിത മാർഗവും ഉപയോഗിച്ച് കോഫീഹൗസ് സംഘം അവിശുദ്ധസഖ്യം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ് സംഘം വീണ്ടും തകർച്ചയിലായത്. ഭക്ഷ്യവസ‌്തുക്കളുടെ ഗുണമേന്മ താഴ‌്ന്നതോടൊപ്പം പുതിയ ഭരണസമിതിയുടെ കാലയളവിൽ ഭക്ഷണസാധനങ്ങൾക്ക് വില കുത്തനെ ഉയർത്തിയതും പിന്നോട്ടടിക്ക‌് കാരണമായി. കച്ചവടം കുത്തനെ താഴ്ന്നു. 
ജീവനക്കാരുടെ പിഎഫ്, ഡെത്ത് ബെനിഫിറ്റ് ഫണ്ട്, ക്ഷേമനിധി തുടങ്ങിയവ അടയ്ക്കുകയോ, ജീവനക്കാർക്ക് കൈമാറുകയോ ചെയ്യുന്നില്ലെന്ന് വ്യാപക പരാതിയുണ്ട‌്. തൃശൂർ ജോസ് തിയറ്ററിന് സമീപമുള്ള പ്രധാന കോഫീഹൗസ് ഈടുനൽകി അഞ്ചുകോടി രൂപ വായ്പയെടുത്തിട്ടുണ്ട്.ശോച്യമായ അന്തരീക്ഷവും മസാലദോശയിൽനിന്ന് വെന്ത പഴുതാരയേയും ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വടക്കേ സ്റ്റാൻഡിലെ കോഫീ ഹൗസ് ആരോഗ്യവകുപ്പ് അധികൃതർ അടച്ചു പൂട്ടിച്ചിരുന്നു. തിരുവനന്തപുരം എംജി റോഡിലെ കോഫീ ഹൗസും പൂട്ടി. കൂടാതെ, ജൂബിലി മിഷൻ ആശുപത്രി, ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി, കോട്ടയം തിരുനക്കര തുടങ്ങിയ ഇടങ്ങളിലെ കോഫീഹൗസുകളും അടച്ചുപൂട്ടി.
പ്രധാന വാർത്തകൾ
Top