17 August Friday
സിപിഐ എം സംസ്ഥാന സമ്മേളനം

ഭക്ഷണമൊരുക്കാന്‍ ജൈവനെല്ല് ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാനുള്ള ജൈവനെല്ല് കൃഷിയിടം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചപ്പോള്‍

 

ഒല്ലൂര്‍ > സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാനുള്ള ജൈവനെല്ല് ഒരുങ്ങി.  ഒല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തൂര്‍ തളിയാകുന്നിലെ നാലേക്കറിലാണ് ജ്യോതി നെല്‍വിത്ത് കൃഷിയിറക്കിയത്. കൊയ്ത്തുത്സവത്തിനു മുന്നോടിയായി കൃഷി കാണാനും വിലയിരുത്താനും സിപിഐ എം നേതാക്കളെത്തി. 
 ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍,  പി കെ ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി, കെ പി പോള്‍ എന്നിവരാണ് കൃഷിയിടം സന്ദര്‍ശിച്ചത്. സിപിഐ എമ്മിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് കൃഷിയിറക്കിയത്. കൃഷിക്ക് പുത്തൂര്‍ കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘമാണ് സാങ്കേതിക സഹായം. നാലേക്കറില്‍ ആയിരത്തിലേറെ പറ നെല്ലുല്‍പ്പാദിപ്പിക്കും. കൊയ്ത്തുത്സവത്തിന് കൊയ്ത്തുപാട്ട് തയ്യാറാക്കിയിട്ടുണ്ട്. അറുമുഖന്‍ വെങ്കിടങ്ങ്, സലീംരാജ് എന്നിവര്‍ രചിച്ച പാട്ടിന് എം ഡി പോളിയാണ് സംഗീതം. 
ഗ്രീന്‍പ്രോട്ടോകോള്‍ പ്രകാരമാണ് തൃശൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഫെബ്രുവരി 22 മുതല്‍ 25 വരെയുള്ള സമ്മേളനത്തില്‍ അറുന്നൂറോളം പ്രതിനിധികള്‍ എത്തും. നാലുദിവസത്തെ ഭക്ഷണം ഒരുക്കുന്നതിനാണ് ജൈവ അരി ഉല്‍പ്പാദിപ്പിക്കുന്നത്. നെല്‍കൃഷിക്കൊപ്പം തൃശൂര്‍ ഏരിയയില്‍ പച്ചക്കറികൃഷി, നാട്ടികയില്‍ മത്സ്യകൃഷി, മാളയില്‍ കോഴികൃഷി എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top