20 January Sunday
ഉദ്ഘാടനം മുഖ്യമന്ത്രി

കലോത്സവം: സര്‍വം സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കലോത്സവത്തിനായി വിദ്യാര്‍ഥികള്‍ നിര്‍മിച്ച കടലാസ്പേന മന്ത്രി സി രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു

 

തൃശൂര്‍ > ആറുമുതല്‍ പത്തുവരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിനുമുന്നോടിയായി വിവിധ കമ്മിറ്റികളുടെ അവലോകന യോഗം മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ നടന്നു. ആറിന് രാവിലെ പത്തിന് തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിയായ നീര്‍മാതളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. 
 
 
വാര്‍ത്താപത്രിക 'ഇലഞ്ഞി'
കലോത്സവത്തിനു മുന്നോടിയായി 8.45 ന് ദൃശ്യവിസ്മയം അരങ്ങേറും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പരിശീലനവും നല്‍കി. ലഘുലേഖകള്‍ അച്ചടിച്ച് വിതരണത്തിനു തയ്യാറാക്കിയിട്ടുണ്ട്. ഇലഞ്ഞി എന്ന പേരില്‍ നാല് ദിവസങ്ങളില്‍ വാര്‍ത്താപത്രിക ഇറക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ച് സമ്മാനവും നല്‍കും. 
 
ഭക്ഷണത്തിന് 16 ക്യാബിന്‍
20 സബ്കമ്മിറ്റിയാണ് ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഒരേസമയം 3200പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്നതരത്തിലാണ് 16 ഭക്ഷണ ക്യാബിനുകള്‍ തയ്യാറാക്കുന്നത്. പ്രഭാതഭക്ഷണം രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും ഉച്ചഭക്ഷണം 11.30 മുതല്‍ മൂന്നു വരെയും നല്‍കും. നാലുമുതല്‍ അഞ്ചുവരെ ചായയും രാത്രി‘ഭക്ഷണം 7.30 മുതല്‍ 10 മണിവരെയുമാണ് നല്‍കുക. പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍,  മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേക സൌകര്യമൊരുക്കും. ഇലയിലാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണക്കലവറയുടെ ഭാഗത്ത് 50 പൈപ്പുകളും കൈകഴുകുന്ന സ്ഥലങ്ങളില്‍ 100 പൈപ്പുകളും സജ്ജീകരിക്കും. 
32 ബസും 250 ഓട്ടോയും
16 സ്കൂളുകളില്‍നിന്ന് 32 ബസുകള്‍ കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 250 ഓട്ടോറിക്ഷകളും അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളും വാഹനസൌകര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് രാത്രി രണ്ടുവരെയും വാഹനസൌകര്യം ഏര്‍പ്പെടുത്തും. 
 
മത്സരവേദിക്കരികില്‍ വീഡിയോ വാള്‍ 
21 വിദ്യാലയങ്ങളിലാണ് മത്സരാര്‍ഥികള്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ മത്സരാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ താമസിക്കാന്‍ അനുവാദമില്ല. മത്സരാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ താമസിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. താമസസ്ഥലങ്ങളില്‍ പൊലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. മത്സരങ്ങള്‍ നടക്കുന്ന വേദിക്കരികില്‍ വീഡിയോവാള്‍ സ്ഥാപിച്ച് കലാസ്വാദകര്‍ക്ക് കാണാന്‍ അവസരമൊരുക്കും.
 
സ്വര്‍ണക്കപ്പിന് വരവേല്‍പ്പ് 
കോഴിക്കോട് ജില്ലയില്‍നിന്ന് നാലിന് രാവിലെ 10ന് തൃശൂര്‍ ജില്ലാതിര്‍ത്തിയായ കടവല്ലൂരിലെത്തുന്ന സ്വര്‍ണക്കപ്പിന് അമ്പലം സ്റ്റോപ്പില്‍ വരവേല്‍പ്പ് നല്‍കും. മന്ത്രിമാരായ എ സി മൊയ്തീന്‍,  പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തൃശൂര്‍ നഗരത്തിലെത്തും. 
 
5ന് രാവിലെ 10ന് ‘പാലുകാച്ചല്‍
അഞ്ചിന് രാവിലെ പത്തിന് ‘ഭക്ഷണക്കലവറയില്‍ പാലുകാച്ചലും 11ന് മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കലവറ നിറയ്ക്കലും നടക്കും. വിദ്യാര്‍ഥികളില്‍നിന്നും കര്‍ഷകരില്‍നിന്നും പച്ചക്കറികള്‍ ശേഖരിച്ചാണ് കലവറ നിറയ്ക്കുക. 
 
ആദ്യസംഘം കോഴിക്കോട്ടുനിന്ന്
നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍നിന്നാണ് ആദ്യ മത്സരസംഘം തൃശൂരിലെത്തുക. അഞ്ചിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കും. പകല്‍ മൂന്നിന് നഗരത്തില്‍ കലോത്സവ വിളംബര പൈതൃക ജാഥ നടക്കും. 
കലോത്സവത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തിനു ചുറ്റും മനോഹരമായ കവാടങ്ങള്‍ ഒരുക്കും. ജനു.10ന് വൈകിട്ട് നാലിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അവലോകന യോഗത്തില്‍ എംഎല്‍എമാരായ മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ഖാദര്‍, ബി ഡി ദേവസി, കെ രാജന്‍, വി ആര്‍ സുനില്‍കുമാര്‍, യു ആര്‍ പ്രദീപ്, മേയര്‍ അജിത ജയരാജന്‍, കലക്ടര്‍ ഡോ. എ കൌശികന്‍, സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായര്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സബ് കലക്ടര്‍ രേണുരാജ്, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ജനറല്‍ കണ്‍വീനര്‍ ജെസി ജോസഫ്, ഡിഡി കെ സുമതി തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

 

പ്രധാന വാർത്തകൾ
Top