Top
20
Monday, November 2017
About UsE-Paper

അഴിമതി തുറന്നുകാട്ടിയ കൌണ്‍സിലര്‍ക്ക് ഡിസിസിയുടെ താക്കീത്

Wednesday Nov 1, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > കിഴക്കേകോട്ട  ഭൂമി ഏറ്റെടുത്തതില്‍ അഴിമതി ചൂണ്ടിക്കാണിച്ച മുന്‍ ഡെപ്യൂട്ടി മേയറും  കോണ്‍ഗ്രസ് കൌണ്‍സിലറുമായ സുബി ബാബുവിന് ഡിസിസിയുടെ താക്കീത്. എന്നാല്‍, ഇത്  തള്ളിക്കളഞ്ഞ് ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്ന വാദത്തില്‍ സുബി ഉറച്ചുനില്‍ക്കുകയാണ്. ചൊവ്വാഴ്ച ഡിസിസിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത  കോണ്‍ഗ്രസിലെ മറ്റു കൌണ്‍സിലര്‍മാര്‍ മൌനം പാലിച്ചതോടെ മുന്‍മേയര്‍ രാജന്‍ പല്ലന്‍ വെട്ടിലായി.    
അഴിമതിവിഷയം ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ഡിസിസി വിളിച്ച കൌണ്‍സിലര്‍മാരുടെ യോഗത്തിലാണ് സുബി ബാബു തന്റെ നിലപാടില്‍ ഉറച്ചുനിന്നത്. യോഗത്തിന്റെ തുടക്കത്തില്‍ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണോയെന്ന് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ചോദിച്ചു. തന്റെ മനഃസാക്ഷിക്കനുസരിച്ച് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ മാത്രമാണ് കത്തിലുന്നയിച്ചതെന്ന് സുബി പറഞ്ഞു.
 എന്നാല്‍, രാജന്‍ പല്ലന്‍ ഇതിനെതിരെ രംഗത്തുവന്നു. എല്‍ഡിഎഫ് ഉന്നയിച്ച വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് സുബിയുടെ കത്തെന്നും ഇത് പിന്‍വലിക്കണമെന്നും പറഞ്ഞു.  ഇത് അംഗീകരിക്കാന്‍ സുബി തയ്യാറായില്ല.  ഏറ്റെടുത്ത ഭൂമിയില്‍ പുറമ്പോക്കുണ്ടെന്നും ഇതു പരിശോധിച്ചശേഷം മാത്രം നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞതില്‍ തെറ്റെന്താണെന്ന് സുബി ചോദിച്ചു. ബുധനാഴ്ച കൌണ്‍സില്‍ ചേരാനിരിക്കെ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍  ഒടുവില്‍ സുബി ബാബുവിന് താക്കീത് നല്‍കാന്‍  യോഗം തീരുമാനിച്ചു. സുബി കത്ത് നല്‍കിയതോടെ  രാജന്‍ പല്ലന്‍ കൌണ്‍സിലര്‍സ്ഥാനം രാജിവയ്ക്കാനൊരുങ്ങിയിരുന്നു.  തുടര്‍ന്നാണ്  ഡിസിസി  കൌണ്‍സിലര്‍മാരുടെ യോഗം വിളിച്ചത്. 
കിഴക്കേ കോട്ടയിലെ ഭൂവുടമകള്‍ക്ക് സെന്റിന്  17.5 ലക്ഷം നല്‍കാനാണ് കഴിഞ്ഞ യുഡിഎഫ് കൌണ്‍സില്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് ഭരണസമിതി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍  നിശ്ചയിച്ച ന്യായവില 8.5 ലക്ഷമാണ്.  ഉഭയകക്ഷി കരാറുണ്ടാക്കി 45 ലക്ഷം രൂപ വെട്ടിക്കാന്‍ ശ്രമിച്ചെന്നാണ് തെളിവുകള്‍ പുറത്തുവന്നത്.  ബുധനാഴ്ചയിലെ കൌണ്‍സിലില്‍ സുബി ബാബുവിന്റെ കത്തും അജന്‍ഡയില്‍ വരും.  ഇത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കും.  

Related News

കൂടുതൽ വാർത്തകൾ »