22 November Thursday
ഡാമുകളുടെ ഷട്ടറുകൾ തുറന്നത് നാമമാത്രം

പുഴകളിലെ ജലനിരപ്പ‌് താണു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
 
തൃശൂർ 
ജില്ലയിലെ പ്രധാന ഡാമകുളുടെയെല്ലാം ഷട്ടറുകൾ തുറന്നത് നാമമാത്രമായി. പുഴകളിലെ ജലനിരപ്പും വൻതോതിൽ താണു. ജൂലൈ അവസാനം തുടങ്ങിയ നാട്ടിലെ പ്രളയസമാനമായ വെള്ളക്കെട്ടിനും പരിഹാരമായി. 
പീച്ചീ ഡാമിന്റെ നാല‌് ഷട്ടറുകൾ ഇപ്പോൾ കാൽ ഇഞ്ച് വീതമാണ് തുറന്നിട്ടുള്ളത്. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഒരു സെന്റീമീറ്റർ വീതവും വാഴാനി ഡാമിന്റേത് മൂന്നു സെന്റീമീറ്ററുമായി കുറച്ചു. ജൂലൈ 27നാണ് പീച്ചീ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഒരിഞ്ചുവിതം തുടക്കത്തിൽ തുറന്ന ഷട്ടറുകൾ ജലനിരപ്പ് പാരമ്യത്തിലെത്തി ഡാം കവിഞ്ഞൊഴുകുമെന്ന സ്ഥിതിയാപ്പോൾ ആഗസ്ത‌് മധ്യത്തിൽ 56 ഇഞ്ച് വരെ ഉയർത്തി. 
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ 48 ഇഞ്ച് വരെയും വാഴാനിയുടെ ഷട്ടറുകൾ 24 ഇഞ്ച് വരെയും ഉയർത്തിയിരുന്നു. ഇതേ സമയത്ത് കെഎസ്ഇബിക്ക് കീഴിലുള്ള  പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ ഡാമുകളും വൻ തോതിൽ തുറന്നു. കൂടാതെ തമിഴ്നാടിന്റെ അധീനതയിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളും തുറന്നതോടെ ചാലക്കുടിപ്പുഴ അപകടകരമാംവിധം കവിഞ്ഞൊഴുകി. 
ഡാമുകൾ തുറന്നതു കൂടാതെ തോരാത്ത പെരുമഴയിൽ  മണലി, കുറുമാലി, കരുവന്നൂർ,  ഭാരതപ്പുഴ, ഏനാമ്മാവ് ബണ്ട് തുടങ്ങിയവ കവിഞ്ഞാഴുകി ആയിരക്കണക്കിന് വീടുകളിലേക്ക് വെള്ളം കയറുകയും വൻതോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തു. 
ഇപ്പോൾ ഷോളയാർ ഡാമിന്റെയും ഷട്ടറുകൾ അടച്ചു. പെരിങ്ങൽകുത്ത് ഡാമിൽ പ്രളയത്തിൽ മരങ്ങൾ കടപുഴകി വീണ് ഷട്ടറിൽ തട്ടി കിടക്കുന്നതിനാൽ ഷട്ടറുകൾ അടക്കാൻ പറ്റാത്ത സ്ഥിതിയായി. 
ഷട്ടറുകൾക്കു കേടില്ലെങ്കിലും യന്ത്രസാമഗ്രികളെല്ലാം കേടായി. മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇപ്പോൾ മഴ കുറയുകയും ഡാം ഷട്ടറുകൾ ഏറെക്കുറെ അടക്കുകയും ചെയ്തതോടെ എല്ലാ പുഴകളിലെയും ജലനിരപ്പ് താണിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top