25 September Tuesday
ജില്ലാ വികസനസമിതി

നെല്ല് സംഭരണം: കർഷകർക്ക് കുടിശ്ശിക നൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
 
തൃശൂർ
ജില്ലയിലെ കർഷകർക്ക് നൽകാനുള്ള  നെല്ലുസംഭരണ കുടിശ്ശികയായ 10.45 കോടി രൂപ ഉടൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡോ. പി കെ ബിജു എംപി ജില്ലാവികസന സമിതി യോഗത്തിൽ  ആവശ്യപ്പെട്ടു. മഴക്കാല പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പട്ടികജാതി വർഗ കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച്‌ ബോധവൽക്കരണം നടത്തണം. ജില്ലയിലെ പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. താലൂക്ക് ഓഫീസുകളിൽ ഇപ്പോഴും പട്ടയത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പട്ടയം ലഭിക്കാത്തതിന്റെ പേരിൽ പല സർക്കാർ ആനുകൂല്യങ്ങളും സാധാരണക്കാർക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. പി കെ ബിജു  ആവശ്യപ്പെട്ടു.
 ഫോർമാലിൻ അടങ്ങിയ മത്സ്യം വില്പനക്കെത്തുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാവകുപ്പും ആരോഗ്യവകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും  ആവശ്യം ഉയർന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളുടെ നിലവാരം ഉയർത്താൻ എംഎൽഎ, എംപി ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും വിദ്യാലയ പരിസരത്ത് സജീവമാകുന്ന ലഹരി വസ്തുക്കളുടെ വില്പന തടയണമെന്നും നിർദേശമുയർന്നു. സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കാത്ത  ഓഫീസുകളിൽ ഉടൻ നടപ്പാക്കണം. ആർദ്രം പദ്ധതി പ്രവർത്തനം കാര്യക്ഷമമാക്കാനും യോഗം നിർദേശിച്ചു. സമ്പൂർണ കുടിവെള്ള പദ്ധതികൾ നടപ്പാക്കാനും നിർമാണത്തിലുള്ള പൊതുമരാമത്ത് വിഭാഗം റോഡുകളുടെ പ്രവർത്തനം ഉടൻ പൂർത്തിയാക്കാനും യോഗം ആവശ്യപ്പെട്ടു. മലയോര പ്രദേശത്തെ ഹൈവേകളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. തീരദേശ മേഖലകളിലെ റോഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗുരുവായൂർ‐ ചാവക്കാട് ഭാഗത്ത് റോഡു നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സ്റ്റേ ഓർഡർ മാറ്റാൻ പ്രത്യേക അനുമതി വാങ്ങാൻ പിഡബ്ല്യൂഡി റോഡ്സ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  സി എൻ ജയദേവൻ എംപി, എംഎൽഎമാരായ ബി ഡി ദേവസി, കെ വി അബ്ദുൾഖാദർ, യു ആർ പ്രദീപ‌്,  ഇ ടി ടൈസൺ , പ്രൊഫ. കെ യു അരുണൻ, കലക്ടർ ടി വി അനുപമ, എഡിഎം സി ലതിക, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഡോ. എം സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top