14 November Wednesday

വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

ആറ്റിങ്ങൽ

വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. രാമച്ചംവിള മത്തിയോട് അമ്പാടിഭവനിൽ സന്തോഷ് (42), ഇയാളുടെ അച്ഛൻ എസിഎസി നഗർ അജിതാനിവാസിൽ താമസിക്കുന്ന ശശി (68), അമ്മ വത്സല (60) എന്നിവർക്കാണ‌് ആക്രമണത്തിൽ പരിക്കേറ്റത്. നൈനാംകോണം ലക്ഷംവീട്ടിൽ ഉത്തമൻ (21), കൊടുമൺ മഹാദേവക്ഷേത്രത്തിനുസമീപം ശ്രീനിവാസിൽ ശ്രീമോൻ (21), കടുവയിൽ ദേവീക്ഷേത്രത്തിനുസമീപം അരുൺനിവാസിൽ അനൂപ് (20) എന്നിവരാണ് പിടിയിലായത്. ഇരട്ടപ്പന മാടൻനട ക്ഷേത്രത്തിനുസമീപത്തുനിന്ന് സന്തോഷ് വീട്ടിലേക്ക‌് നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം  തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഇയാൾ സമീപത്തെ മാതാപിതാക്കളുടെ വീട്ടിലേക്ക‌് ഓടിക്കയറി. ഇവിടെയെത്തിയ സംഘം സന്തോഷിനെയും അച്ഛനെയും അമ്മയെയും മാരകമായി മർദിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവകാലത്ത് സന്തോഷും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ പേരിൽ ആക്രമണം നടത്തിയ മൂന്നുപേർക്കെതിരെ സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ എസ്‌എച്ച്‌ഒ ഒ എസ്‌ സുനിൽകുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ തൻസീം അബ്ദുൾ സമദ്‌, സിപിഒ സിയാദ്‌, മാനുവൽ, ലിബിൻ എന്നിവരുടെ നേതൃത്വത്തിലാണ‌് പ്രതികളെ പിടികൂടിയത്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top