Top
16
Tuesday, January 2018
About UsE-Paper

റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റു; കടയുടമ പിടിയില്‍

Saturday Oct 28, 2017
സ്വന്തം ലേഖകന്‍
ബാലരാമപുരം > കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട 835 കിലോ റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ കടയുടമയെ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി. ബാലരാമപുരം നെല്ലിവിള 544-ാം നമ്പര്‍ റേഷന്‍കടയില്‍നിന്ന് സ്വകാര്യ വ്യക്തിയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലേക്ക് മറിച്ച ഉല്‍പ്പന്നങ്ങളാണ് വെള്ളിയാഴ്ച പിടിച്ചെടുത്തത്.
135 കിലോ ഗോതമ്പ്, 55 കിലോ മട്ട അരി, 215 കിലോ പുഴുക്കലരി, 430 കിലോ പച്ചരി എന്നിവയാണ് റേഷന്‍കടയ്ക്ക് സമീപത്തെ മില്ലില്‍നിന്ന് കണ്ടെടുത്തത്. റേഷന്‍കടക്കാരന്‍ നല്‍കിയതാണെന്ന് മില്ലുടമ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കി.
താലൂക്ക് സപ്ളൈ ഓഫീസര്‍ ജയകുമാര്‍, ഇന്‍സ്പെക്ടര്‍ മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറെനാളായി ഈ കടയുടെ സേവനത്തെ സംബന്ധിച്ച് കാര്‍ഡുടമകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓരോ കാര്‍ഡിനും ലഭ്യമാക്കുന്ന റേഷന്‍സാധനങ്ങളുടെ വിലയും അളവും നാട്ടുകാര്‍ കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പലപ്പോഴും കൃത്യമായ അളവിലല്ല റേഷന്‍ കടയുടമ സാധനങ്ങള്‍ നല്‍കിയിരുന്നത്. പത്തു കിലോയ്ക്കു പകരം അഞ്ചും ഒരു കിലോയ്ക്കുപകരം 850 ഗ്രാമുമാണ് നല്‍കുന്നതെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ തൂക്കം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ സ്ഥിരമായി അടഞ്ഞുകിടക്കുന്ന 382-ാം നമ്പര്‍ കടയിലെ കാര്‍ഡുടമകള്‍ 384-ാം നമ്പര്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാധനങ്ങള്‍ നല്‍കാതെ കൃത്രിമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.