16 November Friday
ഹാഷിഷ്‌

സിനിമാ പ്രവർത്തകരും ഉപയോക്താക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
തിരുവനന്തപുരം 
ഹാഷിഷ്‌ ഒായിൽ കേസിലെ ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്ത്‌. ഒരാഴ‌്ച്ച മുമ്പ് ശാസ്തമംഗലം സ്വദേശിയും എൻജിനിയറുമായ മിഥുനെ (24) ടെക്ക്നോപാർക്കിൽ ഹാഷിഷ് ഓയിൽ കൈമാറ്റം നടത്തുന്നതിനിടെ എക്സൈസ് പിടിച്ചിരുന്നു. ചോദ്യം ചെയ്യലിൽ വർഷങ്ങളായി നഗരത്തിലെ കോളേജുകളിൽ ഉൾപ്പടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന‌ും ഇതു കൂടാതെ പ്രമുഖരായ ചില സിനിമാ താരങ്ങൾക്ക് ഇയാൾ ഹാഷിഷ് ഓയിൽ വിതരണം ചെയ‌്തിരുന്നാതായും സമ്മതിച്ചു.
 
ചില താരങ്ങൾ നഗരത്തിൽ എത്തുമ്പോൾ ഹാഷിഷിനായി വിളിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ബംഗളൂരുവിലെ മഡിവാലയിൽ നിന്നാണ് തനിക്ക് സാധനം ലഭിക്കുന്നതെന്നാണ‌് ഇയാൾ വെളിപ്പെടുത്തിയത്. മറ്റ് കേസുകളിലെ പ്രതികളെപ്പോലെ ഇയാൾക്കും ആന്ധ്രയിൽനിന്നാണോ മയക്കുമരുന്ന് ലഭിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
 
മൂന്ന് കേസുകളിലായി അറസ്റ്റിലായ ഒമ്പത് പ്രതികളും റിമാൻഡിലാണ്. വർഷങ്ങളായി വിൽപ്പന നടത്തുന്ന പ്രതികൾ ആദ്യമായാണ് പിടിയിലാകുന്നത‌്. ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. 
 
ആന്ധ്രയിൽനിന്ന് തലസ്ഥാനത്ത് വർഷങ്ങളായി കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് പലയിടങ്ങളിലായി വിതരണം നടക്കുന്നതായുളള ഞെട്ടിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ഇവരാണ് ഹാഷിഷ് വിതരണം നടത്തുന്നത്. കുറഞ്ഞ വിലയുള്ള കഞ്ചാവ് വിൽപ്പന ഇവർ നടത്താറില്ല. പൊലീസും എക്സൈസും അന്വേഷണം ശക്തമാക്കിയതിനാലാണ് ഇവരെ കുടുക്കാനായത്. കഴിഞ്ഞ മേയിൽ തലസ്ഥാനത്തെ ഒരു ഹോട്ടലുടമയെയും സംഘത്തെയും പത്ത് കിലോ ഹാഷിഷ് ഓയിലുമായി പിടിച്ചതിന് പിന്നാലെ നാല് മാലിക്കാരെ 17 കിലോയുമായി ജൂൺ നാലിന് പൊലീസ് പിടിച്ചിരുന്നു. ഇവർക്ക് കോടിക്കണക്കിന് വിലമതിക്കുന്ന ഹാഷിഷ് ഓയിൽ നൽകുന്നത് ഒരാളാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
 
രണ്ടിടങ്ങളിൽ പിടിയിലാകുമെന്ന് സംശയം തോന്നിയതോടെയാണ് ഇയാൾ മുങ്ങിയത്. വിദേശത്ത് കടന്ന ഇയാളുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് അന്തർദേശീയ മയക്കുമരുന്ന് മാഫിയയുടെ മുഖ്യ കണ്ണിയാണെന്ന് തെളിഞ്ഞത്. ഒരാഴ‌്ച്ച  മുമ്പ്  ടെക്ക്നോപാർക്കിൽ 700 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിച്ച യുവാവിനും മുഖ്യകണ്ണിയുമായി ബന്ധമുണ്ടോയെന്ന‌് അന്വേഷിക്കുന്നുണ്ട്.
 
ജൂൺ നാലിനാണ് കോടിക്കണക്കിന് വിലമതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി നഗരത്തെ ഒരു നക്ഷത്ര ഹോട്ടലിൽനിന്ന് നാല് മാലിക്കാരെ പൊലീസ് പിടികൂടിയത‌്. ഇതിൽ ഐൻമർ അഹമ്മദിന് തലസ്ഥാനത്ത് മാഫിയാ ബന്ധമുണ്ട‌്. തിരുവനന്തപുരത്തെ കോളേജിൽ പഠിച്ചിരുന്ന ഇയാൾ വർഷങ്ങളായി മയക്കുമരുന്ന് കടത്തുന്നതായി സമ്മതിച്ചു. 
ഹാഷിഷ് ഓയിൽ ഡാൽഡ കവറിലാക്കി കാർഗോ വഴിയാണ് കടത്തുന്നത‌്. ഇവർക്ക് സാധനം ലഭിച്ചത് ആന്ധ്രയിൽ നിന്നാണ്. ഇതിന് ഒരു മാസം മുമ്പ്  മണ്ണന്തലയിൽ ഹോട്ടൽ ഉടമയുടെയും സംഘത്തിന്റെയും പക്കൽനിന്ന‌് എക്സൈസ് സംഘം പിടിച്ച പത്ത് കിലോ ഹാഷിഷും ആഡ്രയിൽനിന്നാണ് എത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top