17 November Saturday

രണ്ടുമാസത്തിനിടെ അഞ്ചുതെങ്ങിൽ ബോട്ട് മറിഞ്ഞ് പൊലിഞ്ഞത് ആറു ജീവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ചിറയിൻകീഴ്
രണ്ടുമാസത്തിനിടെ അഞ്ചുതെങ്ങിൽ ബോട്ട് മറിഞ്ഞ‌് പൊലിഞ്ഞത‌് ആറ‌ു ജീവനുകൾ. ആഗസ‌്തിൽമാത്രം മൂന്നുപേർ മരിച്ചു. ഇതിൽ അവസാനത്തേതാണ് അഞ്ചുതെങ്ങ് മാമ്പള്ളിയിൽനിന്ന‌് മീൻപിടിക്കാൻ പോയ ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞതിനെതുടർന്ന് കടലിൽ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻമൂട് എബനൈസർ (24). 23നാണ് എബനൈസറിനെ കാണാതായത്. 
 
മാമ്പള്ളിയിൽനിന്ന‌് രാജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് എബനൈസർ ഉൾപ്പെട്ട ഏഴംഗസംഘം കടലിലേക്ക‌് പോയത്. മീൻപിടിത്തത്തിനിടെ ശക്തമായ തിരയടിയിലും കാറ്റിലുംപെട്ട് ബോട്ട് ഉലഞ്ഞുമറിയുകയായിരുന്നു. മറിഞ്ഞ ബോട്ട് മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് പൂർവസ്ഥിതിയിലാക്കിയെങ്കിലും എബനൈസറെ കാണാതാവുകയായിരുന്നു. അഞ്ചുദിവസമായി മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സ് സംഘവും കടലിൽ തെരച്ചിലിനൊടുവിൽ വർക്കല പാപനാശത്ത് മൃതദേഹം ഒഴുകിനടന്ന നിലയിലാണ് കണ്ടെത്തിയത്.
 
ആഗസ‌്ത‌് 11ന് ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞ് ഇതേസ്ഥലത്തുവച്ച് അഞ്ചുതെങ്ങ് ചീലാന്തിമൂട്ടിൽ സഹായരാജു (57)വും അഞ്ചുതെങ്ങ് മുണ്ടുതുറവീട്ടിൽ കാർമലു (70)വുമാണ് മരിച്ചത‌്. കരയിൽനിന്ന് 50 മീറ്റർ കടന്നപ്പോൾ അപ്രതീക്ഷിതമായി കടലിൽ രൂപപ്പെട്ട ആദ്യത്തെ തിരയിൽത്തന്നെ ബോട്ട് തലകീഴായി മറിഞ്ഞ് എല്ലാവരും വെള്ളത്തിനടിയിലായി. തുടർന്ന് ബോട്ടിലുണ്ടായിരുന്ന കയർ, കാർമലിന്റെ കഴുത്തിൽ കുരുങ്ങുകയും കാർമൽ കുരുക്ക് അഴിക്കുകയും ചെയ്തു. രണ്ടാമത്തെ തിരയിൽ ബോട്ടും മത്സ്യത്തൊഴിലാളികളും കടലിലേക്ക് ഉൾവലിഞ്ഞു. 
 
തിരയിൽപ്പെട്ട് ബോട്ട് മറിയുന്നതിനിടെ ബോട്ടിലെ എൻജിനുകളിലൊന്ന് സഹായരാജുവിന്റെ തലയിലേക്ക് പതിച്ചു. മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയമായ നിർമാണംമൂലമാണ് കടലിൽ വലിയ തിരകൾ രൂപപ്പെടുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top