21 September Friday

അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട‌് സ്ഥാപിക്കും: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018
കിളിമാനൂർ
ആയുർവേദത്തിന്റെ വളർച്ചയ‌്ക്കും വികസനത്തിനുമായി സംസ്ഥാനത്ത‌് സർക്കാർ  അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട‌് സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പുളിമാത്ത് പഞ്ചായത്തിലെ സർക്കാർ ആയുർവേദാശുപത്രിക്ക് നിർമിച്ച ബഹുനിലമന്ദിരം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 15 കിടക്കയോടുകൂടിയ സ്പെഷ്യൽ വാർഡടക്കം ക്രമീകരിച്ച കൂടുതൽ സൗകര്യങ്ങളോടെ എത്തുന്ന ഈ ആതുരാലയം സാധാരണക്കാർക്ക് ഗുണകരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് കേരളം മുന്നേറിയെന്നും  പുതിയ വൈറസടക്കമുള്ള രോഗാണുക്കൾ രംഗത്തെത്തുന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. അതിനായി വ്യക്തിശുചിത്വവും പരിസരശുചിത്വവും ശീലമാക്കാൻ എല്ലാവരും തയ്യാറാകണം. 
 
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ആയുർവേദാശുപത്രികൾ സ്ഥാപിച്ച്  സമ്പൂർണ ആയുർവേദ ഗ്രാമമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബി സത്യൻ എംഎൽഎ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയികളായവർക്കുള്ള മെമന്റോ മന്ത്രി കൈമാറി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.അനിതാജേക്കബ‌് റിപ്പോർട്ട‌് അവതരിപ്പിച്ചു. പുളിമാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ ഷാറഷീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വത്സലകുമാർ, എസ് യഹിയ, ജി ഹരികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ബി എൻ ജയകുമാർ, വി ബിനു, എസ് ലേഖ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുകേശ്, ജാസ്മിൻ ടി ഡി, വി സോമൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു സ്വാഗതവും സെക്രട്ടറി ഹരികുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രസൂതി സ്ത്രീ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

 

പ്രധാന വാർത്തകൾ
Top