14 November Wednesday
സാക്ഷരതാമിഷൻ സമന്വയ പദ്ധതി

ട്രാൻസ്ജെന്‍ഡര്‍ പഠിതാക്കൾക്ക് സ്കോളർഷിപ്പും ഷെൽട്ടർ ഹോമും

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018
കൊല്ലം > സാക്ഷരതാമിഷന്റെ ട്രാൻസ്ജെൻഡർ  തുടർവിദ്യാഭ്യാസ പദ്ധതി സമന്വയക്കു കീഴിലെ പഠിതാക്കൾക്ക് ഇനി സ്കോളർഷിപ്പും ഷെൽട്ടർ ഹോമും. ഷെൽട്ടർ ഹോം കേന്ദ്രീകരിച്ച് തൊഴിൽ പരിശീലനവും നൽകും. നാലാംതരം തുല്യത മുതൽ ഹയർസെക്കൻഡറി വരെ ട്രാൻസ്ജെൻഡറുകളെ സൗജന്യമായി പഠിപ്പിക്കുന്നതിന് സാക്ഷരതാമിഷൻ നടപ്പാക്കുന്ന പദ്ധതിയാണ‌് ഇത‌്. രാജ്യത്ത് ട്രാൻസ്ജെൻഡേഴ്സിന് ഇത്തരത്തിലൊരു വിദ്യാഭ്യാസ പദ്ധതി ആദ്യമാണ്. നാലാംതരം തുല്യതാ പഠിതാക്കൾക്ക് 1000 രൂപയും ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് 1250 രൂപയും പ്രതിമാസ സ്കോളർഷിപ‌് നൽകും. സ്കോളർഷിപ‌് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  28നു പകൽ 11ന് മന്ത്രി കെ കെ ശൈലജ നിർവഹിക്കും. തൈക്കാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് പരിപാടി. പഠിതാക്കൾക്ക് പിന്തുണയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ടാണ് സ്കോളർഷിപ‌് നൽകുന്നതെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പി എസ് ശ്രീകല പറഞ്ഞു. 
പഠിതാക്കൾ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഷെൽട്ടർ ഹോം ആരംഭിക്കുന്നത്. സൗജന്യ ഭക്ഷണവും നല്‍കും. സാക്ഷരതാമിഷന്റെ നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി തുല്യതാ വിഭാഗങ്ങളിലായി സംസ്ഥാനത്ത് മൊത്തം 145 ട്രാൻസ്ജെൻഡറുകളാണ് ആദ്യഘട്ടത്തിൽ ക്ലാസുകളിൽ എത്തിയിരിക്കുന്നത്.  ഒാരോ തുല്യതാ കോഴ്സിലും ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നു കുറഞ്ഞത് 10 പേർ രജിസ്റ്റർ ചെയ്ത ജില്ലകളിൽ അവർക്കായി പ്രത്യേകം ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 
പ്രധാന വാർത്തകൾ
Top