11 December Tuesday

ഓർഗാനിക‌് തിയറ്റർ ഹിറ്റ‌്; കൊയ‌്തെടുക്കാൻ നൂറുമേനി

സ്വന്തം ലേഖകൻUpdated: Wednesday Oct 24, 2018
തിരുവനന്തപുരം
ഭാരത് ഭവന്റെ ഓർഗാനിക് തിയറ്റർ സാഭിമാനം അവതരിപ്പിച്ച ജൈവകൃഷിയിൽ നൂറുമേനി. കലാകാരന്മാരുടെ അധ്വാനവും പരിപാലനവും കൊണ്ട‌് നൂറുമേനി വിളഞ്ഞുനിൽക്കുകയാണ‌് വാമനപുരം പഞ്ചായത്തിലെ കളമച്ചലിലെ പത്തേക്കർ ജ്യോതി നെൽപ്പാടം.  നെൽക്കതിരുകൾ കുത്തിയെടുക്കുന്ന അരി പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതബാധിതർക്ക‌് നൽകാനാണ‌്  ഭാരത‌്ഭവന്റെ തീരുമാനം.25ന‌്  വൈകിട്ട‌് 4.30ന്  മന്ത്രി എ കെ ബാലൻ ആദ്യ കതിരുകൾ കൊയ്ത്  മന്ത്രി വി എസ് സുനിൽകുമാറിന് നൽകി കൊയ്ത്തുത്സവത്തിന് തുടക്കം കുറിക്കും. അകമ്പടിയായി സി ജെ കുട്ടപ്പന്റെ നേതൃത്വത്തിൽ നാടൻ പാട്ടുകൾ അവതരിപ്പിക്കും. കൊയ‌്ത്തുത്സവത്തിന‌് മുന്നോടിയായി  പാടവരമ്പിൽ ഒരുക്കിയ മെഗാ ക്യാൻവാസിൽ പത്ത് ചിത്രകാരൻമാർ വരയ്ക്കുന്ന കാർഷിക ജീവിതത്തിന്റെ തൽസമയ രചന ശ്രീകുമാരൻ തമ്പി ഉദ്ഘാടനംചെയ്യും. 
 
തുടർന്ന് ആറങ്ങോട്ടുകര കലാപാഠശാലയുടെ കൊയ്ത്ത്പാട്ട‌് ആലാപനവും സാംസ്കാരിക കൂട്ടായ്മയും. ബിഹുനൃത്തം, യക്ഷഗാന ബയലാട്ടം, തപ്പാട്ടം തുടങ്ങിയ  കലാരൂപങ്ങളുടെ അവതരണവുമുണ്ടാകും. ഇതിനുശേഷം കൊയ്ത്തൊഴിഞ്ഞ പാടത്ത് അറുപതോളം കർഷകരെയും ഗ്രാമീണരെയും കഥാപാത്രങ്ങളാക്കി പ്രമോദ് പയ്യന്നൂർ സാക്ഷാൽക്കാരം നിർവഹിക്കുന്ന ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന്റെ പുനരാഖ്യാന രംഗാവിഷ്കാരം അരങ്ങേറും. നാടിന്റെ കാർഷിക സംസ‌്കൃതി തിരിച്ചുപിടിക്കാനും  ഗ്രാമീണ നാടകവേദിയിലൂടെ പുതുസന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സർഗാത്മക സംരംഭമാണ് ഓർഗാനിക‌് തിയറ്റർ. ഭാരത്ഭവൻ, വിവ കൾച്ചറൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെ ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചുനടപ്പാക്കിയതാണ‌് ഓർഗാനിക‌് തിയറ്റർ. അമ്പതോളം കലാകർഷകരാണ്  പങ്കാളികളായത‌്.
 
 
പ്രധാന വാർത്തകൾ
Top