25 September Tuesday

ജീവൻ രക്ഷിച്ചു; പുതുവസ്ത്രങ്ങളും ധാന്യങ്ങളും ശേഖരിച്ച്‌ മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
ചിറയിൻകീഴ്
പന്തളത്ത് പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിനിടെ ബോട്ട് കേടായി മടങ്ങിവന്ന അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളും കുടുംബവും പുതുവസ്ത്രങ്ങളും ധാന്യങ്ങളും ശേഖരിച്ചുനൽകി മാതൃകയായി. അഞ്ചുതെങ്ങ് മാമ്പള്ളി പുല്ലുകുഴി വീട്ടിലെ അലക്സാണ്ടറിന്റെ ‘വേളാങ്കണ്ണി മാത' എന്ന ബോട്ടിലാണ് അലക്സാണ്ടറിന്റെ ചെറുമക്കളായ ഷിബു(22), സുമിത്ത് (24) എന്നിവർ പന്തളത്തേക്ക് രക്ഷാപ്രവർത്തനത്തിനായി തിരിച്ചത്. 
ആദ്യ ദിവസം തന്നെ നൂറോളംപേരെ രക്ഷിക്കാനായി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മതിലിൽ കുടുങ്ങി കേടുപാടു സംഭവിച്ചു. രക്ഷാപ്രവർത്തനം തുടരാൻ  കഴിയില്ലെന്ന് മനസ്സിലാക്കി മടങ്ങി. പന്തളത്ത് ജനങ്ങളുടെ ദുരിതമറിഞ്ഞ അലക്സാണ്ടറും ഭാര്യ മത്സ്യക്കച്ചവട തൊഴിലാളിയായ മേരി അലക്സാണ്ടറും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് രണ്ടു ചാക്ക് അരിയും അമ്പതിനായിരത്തോളം രൂപ വിലവരുന്ന കുട്ടികൾക്കുള്ളതും സ്ത്രീകൾക്കുള്ളതുമായ പുതുവസ്ത്രങ്ങളും വാങ്ങി നൽകി. ചിറയിൻകീഴ് താലൂക്ക‌് ഓഫീസിലെത്തി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനോടൊപ്പം തഹസീൽദാർ നിർമൽകുമാറിന് കൈമാറി. പന്തളത്തെ ദുരിതാശ്വാസ ക്യാമ്പിൽ നൽകാനാണ് ധാന്യവും വസ്ത്രവും വാങ്ങി നൽകിയത്.
പ്രധാന വാർത്തകൾ
Top