21 September Friday

മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ചുതെങ്ങില്‍ വീരോചിത വരവേൽപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
ചിറയിൻകീഴ് 
മഹാപ്രളയത്തിന്റെ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട‌് അഞ്ചുതെങ്ങിൽ തിരികെയെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. ആഗസ്ത‌് 17നും 18നും ഏഴു വള്ളത്തിലായി 23 മത്സ്യത്തൊഴിലാളികളാണ് അഞ്ചുതെങ്ങിൽനിന്ന‌് പ്രളയം ദുരിതം വിതച്ച വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പോയത്. 
അഞ്ചുതെങ്ങ് സ്വദേശികളായ അലക്‌സാണ്ടർ, പസ്‌ക്കാസ്, ബാബു ഹെൻട്രി, ഡോൺ ബോസ്‌കോ, രാജുഗിൽബർട്ട്, ബിജു കാർമൽ, ബ്രൂൺസൺ എന്നിവരുടെ ചെറുതും വലുതുമായ വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയത്. സുമിത് സുനിൽ, രാജുജോർജ്, ഷിബുഗിൽബർട്ട്, കിരൺ, ജയരാജ്, ആന്റണി, ഡെന്നീസ്, മണിയൻ, സജൻ, ജെയിംസ്, ബിബിൻസൺ, ബിനു ടോൾസ്റ്റോയി, ജോൺസൺ, നെൽസൺ ഇസഹാക്ക്, ഷൈജു, ദീപു, ജെറോം, സജുമോൻ, പീറ്റർ, ഡോൺ ബോസ്‌കോ, രാജുഗിൽബർട്ട്, ബിജു കാർമൽ, ബ്രൂൺസൺ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാദൗത്യം നിർവഹിച്ചത്. അഞ്ചുവള്ളം ഞായറാഴ്ചയും രണ്ടുവള്ളം ചൊവ്വാഴ്ച പുലർച്ചെയും അഞ്ചുതെങ്ങിൽ തിരിച്ചെത്തി. 
ആദ്യ ദിനം തിരിച്ചെത്തിയ പതിനൊന്നുപേരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് അഞ്ചുതെങ്ങിൽ വീരോചിതമായ സ്വീകരണം നൽകി ആദരിച്ചു. തീരെ ഇടുങ്ങിയ വഴികളിലൂടെ എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങൾ സഞ്ചരിച്ചതിനാൽ മതിലിലും വേലികളിലും കുടുങ്ങി എല്ലാ വള്ളങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പല വള്ളങ്ങളും ഉപയോഗിക്കാനാവാത്തവിധം തകർന്നു. എഞ്ചിനും പ്രൊപ്പല്ലറിനും കേടുപാടുകൾ പറ്റി. പക്ഷേ, അതൊന്നും സാരമില്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക ഒന്നുമാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. 
ചെങ്ങന്നൂർ, പന്തളം, മംഗലം എന്നിവിടങ്ങളിലായിരുന്നു ഇവരുടെ രക്ഷാദൗത്യം. ഒരു വള്ളത്തിൽ ഒരു ദിവസം 150 പേരെ രക്ഷപ്പെടുത്താനായെന്നും ഇവർ പറഞ്ഞു. ദൗത്യത്തിനിടയിൽ പലർക്കും പരിക്കേറ്റിരുന്നു.
പ്രധാന വാർത്തകൾ
Top