25 May Friday

സിപിഐ എം സമ്മേളനം : വിപ്ലവഗാന സിഡി പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥമുള്ള വിപ്ലവഗാനങ്ങളുടെ സിഡി എം മുകേഷ് എംഎൽഎയ്ക്ക് നൽകി സംവിധായകൻ ഷാജി എൻ കരുൺ പ്രകാശനം ചെയ്യുന്നു. വി ശിവൻകുട്ടി, സി ജയൻബാബു, ആനാവൂർ നാഗപ്പൻ, കാട്ടാക്കട ശശി, പിരപ്പൻകോട് മുരളി എന്നിവർ സമീപം.

തിരുവനന്തപുരം > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്തിയ വിപ്ലവഗാനങ്ങളുടെ സിഡി പ്രകാശനംചെയ്തു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററിൽ സംവിധായകൻ ഷാജി എൻ കരുൺ സിനിമാതാരവും കൊല്ലം എംഎൽഎയുമായ എം മുകേഷിന് നൽകിയാണ് പ്രകാശനം ചെയ്തത്. ജില്ലാ സമ്മേളന പ്രചരണ വീഡിയോയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. 
 
'കാലത്തിന്റെ ഉണർത്തുപാട്ടുകൾ' വിപ്ലവഗാനങ്ങൾ ഒഎൻവി, ഏഴാച്ചേരി രാമചന്ദ്രൻ, കരിവെള്ളൂർ മുരളി, പിരപ്പൻകോട് മുരളി, മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി എന്നിവരുടെ രചനകളാണ്. അന്തരിച്ച സംഗീതസംവിധായകൻ ജി ദേവരാജൻ സംഗീതം നൽകിയ 'ഉണരുവിൻ പട്ടിണിയുടെ തടവുകാരേ' എന്ന ഗാനം സിഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്്. മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഗായകനായ കല്ലറ ഗോപനാണ്. 
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പിരപ്പൻകോട് മുരളി, സ്വാഗതസംഘം ജനറൽ കൺവീനർ വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻ ബാബു, കാട്ടാക്കട ശശി, ഗായകൻ കല്ലറ ഗോപൻ എന്നിവർ സംസാരിച്ചു. പി എസ് ഹരികുമാർ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.
 
 
 
 
പ്രധാന വാർത്തകൾ
Top