24 September Monday
നെല്ലിക്കുന്ന് പാറമട അപകടം

മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
കിളിമാനൂർ > കഴിഞ്ഞമാസം കരവാരം നെല്ലിക്കുന്ന് പാറമടയിൽ പാറ പൊട്ടിക്കവെ ജാക്ക്ഹാമർ ഘടിപ്പിച്ച ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞ് മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് പാറമട ഉടമ വാഗ്ദാനംചെയ്ത ഏഴുലക്ഷം രൂപയിൽ മൂന്ന് ലക്ഷം കൈമാറി. തമിഴ്നാട് സ്വദേശി മാമലന്റെ ശിവമുരുക അജന്ത പാറക്വാറിയിൽ ട്രാക്ടർ പ്രവർത്തിപ്പിക്കവെയാണ് പശ്ചിമബംഗാൾ സ്വദേശി ഹമീദുൾ ഇസ്ലം (30) മരിച്ചത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടാതെ നടന്നുവന്ന ക്വാറിയിൽ അപകടം നടന്നതിനാൽ സർക്കാർ ധനസഹായം അനുവദിക്കുന്നതിന്റെ സാങ്കേതികപ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയ ബി സത്യൻ എംഎൽഎ ഉടമയോട്  ഹമിദുൾ ഇസ്ലമിന്റെ കുടുംബത്തിന് അർഹമായ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
തുടർന്ന് പാറമട ഉടമ 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നു.  ക്വാറി ഉടമയുടെ ചെലവിൽ മൃതദേഹം എംബാം ചെയ്ത് വിമാനമാർഗം നാട്ടിലെത്തിക്കുകയും അടിയന്തര സഹായമായി അമ്പതിനായിരം നൽകുകയും ചെയ്തു. തുടർന്നാണ് ബാക്കിതുകയിൽ മൂന്ന് ലക്ഷം രൂപയുടെ ഡിഡി കരവാരം പഞ്ചായത്തിൽ നടന്ന ചടങ്ങിൽവച്ച് ഹമിദുൾ ഇസ്ലാമിന്റെ ബന്ധുവിന് ബി സത്യൻ എംഎൽഎ  കൈമാറിയത്. രണ്ട് ലക്ഷം രൂപ പരേതന്റെ ഭാര്യയ‌്ക്കും അമ്പതിനായിരം രൂപ വീതം പരേതന്റെ മാതാപിതാക്കൾക്കും ലഭിക്കും. ബാക്കിതുക പരേതന്റെ ഏഴും മൂന്നും വയസ്സുള്ള രണ്ടുമക്കളുടെപേരിൽ സ്ഥിരനിക്ഷേപമായി നൽകുമെന്ന് പാറമട ഉടമ മാമലൻ അറിയിച്ചു. 
ചടങ്ങിൽ കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ്കുമാർ, ലേബർ ഓഫീസർ എസ് എസ് വിജയകുമാർ, വില്ലേജ് ഓഫീസർ വി എസ് ബിനു, പഞ്ചായത്ത് സെക്രട്ടറി ശ്രീലത, പഞ്ചായത്തംഗം ബേബികുമാർ, ശിവമുരുക ഗ്രാനൈറ്റ്ഡ് എം ഡി എസ് മാമലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top