Top
24
Friday, November 2017
About UsE-Paper
ദേശീയ നാടകോത്സവം

ഹൃദയത്തില്‍ ചേക്കേറി 'പെബറ്റ്'

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിച്ച മണിപ്പുരി നാടകമായ 'പെബറ്റി'ലെ ഒരു രംഗം

തിരുവനന്തപുരം > മണിപ്പുരി ജനതയുടെ ഹൃദയാവിഷ്കാരവുമായി പെബറ്റ്. വേട്ടക്കാരനും ഇരകളും അരങ്ങില്‍ നിറഞ്ഞപ്പോള്‍ കാണികളുടെ മനസ്സില്‍ തെളിഞ്ഞത് മണിപ്പുരിന്റെ നേര്‍ചിത്രം. മണിപ്പൂരി ജനതക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും അതിനെതിരെയുള്ള അതിജീവന പോരാട്ടത്തിന്റെയും കഥയാണ് പെബറ്റ് 'പറയാതെ പറഞ്ഞത്'.

 'പെബറ്റ്' പക്ഷിയും കുഞ്ഞുങ്ങളുമാണ് മണിപ്പുരി ജനതയുടെ പ്രതീകങ്ങളായി അരങ്ങിലെത്തുന്നത്. വേട്ടക്കാരനായ പൂച്ച പ്രത്യേക അധികാരത്തോടെ വിരാജിക്കുന്ന സേനയെ ഓര്‍മിപ്പിക്കുന്നു. പൂച്ചയുടെ ആക്രമണം നിരന്തരം പ്രതീക്ഷിച്ചു കഴിയുകയാണ് അമ്മക്കിളിയും കുഞ്ഞുങ്ങളും. പൂച്ചയുടെ ആക്രമണത്തിനെതിരെ ചെറുതെങ്കിലും കരുത്തുറ്റ പ്രതിരോധം തീര്‍ക്കുകയാണ് അമ്മക്കിളിയും മക്കളും. പൂച്ചയുടെ കെണിയില്‍ അകപ്പെട്ട് അടിമയായി മാറേണ്ടി വരുന്ന ദുരവസ്ഥ കുഞ്ഞുങ്ങള്‍ക്കുണ്ടായെങ്കിലും  അതിനെ അതിജിവിക്കുന്ന നിമിഷങ്ങള്‍ അടയാളപ്പെടുത്തുന്നത് മണിപ്പുരി ജനതയുടെ ജീവിത ലക്ഷ്യം.

ഹെസ്നം കന്‍ഹയ് ലാല്‍ സംവിധാനം നിര്‍വഹിച്ച നാടകം അവതരിപ്പിച്ചത് മണിപ്പുര്‍ കലാക്ഷേത്ര. നിറഞ്ഞ കൈയടികളോടെയാണ് ആസ്വാദകര്‍ നാടകത്തെ സ്വീകരിച്ചത്. ടി വി കൊച്ചുബാവയുടെ  'ഉപന്യാസ'മെന്ന കഥയെ അടിസ്ഥാനമാക്കി ജോസ് കോശി സംവിധാനം ചെയ്ത 'ചരിത്രപുസ്തകത്തിലേക്ക് ഒരേട'് നാടകവും കൈയടി നേടി. കാലം മറക്കുന്ന നാടോടി കലാകാരന്മാരുടെ കഥയാണ് നാടകം പറയുന്നത്. ആധുനിക ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സൈക്കിള്‍ യജ്ഞക്കാരുടെയും നാടോടികലാകാരന്മാരുടെയും ജീവിതം അടയാളപ്പെടുത്തുകയാണ് നാടകം. 'കേരളീയ നവോത്ഥാനവും മലയാള നാടകവേദിയും' എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു.  പാലക്കാട് നാട്യശാസ്ത്ര പഠനസഘം ഡയറക്ടര്‍ ദിലീപന്‍ വിഷയാവതരണം നടത്തി.