21 April Saturday

ലാറ്റക്സ് സ്വകാര്യവല്‍ക്കരണം: സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

പേരൂര്‍ക്കട > പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിനെ (എച്ച്എല്‍എല്‍)സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിയന്ത്രത്തില്‍ 1966ല്‍ ആണ് എച്ച്എല്‍എല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2017 നവംബര്‍ ഒന്നിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് എച്ച്എല്‍എല്ലിനെ പൂര്‍ണമായി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി 19 ഏക്കര്‍ സൌജന്യമായി നല്‍കിയിരുന്നു. രാജ്യത്ത് ഏഴു കേന്ദ്രങ്ങളിലായി അയ്യായിരത്തോളം തൊഴിലാളികളുണ്ട്. ആശുപത്രി ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍, ബ്ളഡ് ബാഗ്, വാക്സിന്‍, ഗുളികകള്‍, സ്കാനിങ്രക്ത പരിശോധന ഉപകരണങ്ങള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നു. ഐഎന്‍ടിയുസി അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം പാലോട് രവി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. എഐടിയുസി ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍, ബിഎംഎസ് നേതാവ് ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വകാര്യവല്‍ക്കരണ തീരുമാനവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top